ചെന്നൈ: താനും നടൻ വിശാലും തമ്മിലുള്ള വിവാഹം വൈകുന്നതിനുള്ള കാരണം വെളിപ്പെടുത്തി നടി സായ് ധൻസിക. നടികർ സംഘം കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുക എന്ന വിശാലിന്റെ സ്വപ്നമാണ് വിവാഹം വൈകുന്നതിന് പിന്നിലെ പ്രധാന കാരണം എന്ന് ധൻസിക വ്യക്തമാക്കി. ഇരുവരുടെയും വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നുവെങ്കിലും വിവാഹത്തീയതി സംബന്ധിച്ച് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല.

ഫെബ്രുവരി ആറിന് റിലീസിനൊരുങ്ങുന്ന തന്റെ പുതിയ ചിത്രം 'യോഗി ഡാ'യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ധൻസികയുടെ പ്രതികരണം. "നടികർ സംഘത്തിന്റെ ബിൽഡിങ് പണി പൂർത്തിയായ ശേഷമാകും വിവാഹം. അതിനാൽ വിവാഹ തീയതി പറയാൻ കഴിയില്ല. ആ കെട്ടിടം പൂർത്തീകരിക്കണം എന്നത് വിശാലിന്റെ സ്വപ്നമാണ്. അഞ്ച് വർഷമായി ആ സ്വപ്നവും വെച്ച് ഒരു മനുഷ്യൻ ജീവിച്ച് വരികയല്ലേ. അതിനെ തടുക്കാൻ ആർക്കെങ്കിലും കഴിയുമോ?" - സായ് ധൻസിക പറഞ്ഞു.

തങ്ങൾക്കിടയിലെ പത്ത് വയസ് പ്രായവ്യത്യാസത്തെക്കുറിച്ചും നടി മനസ്സുതുറന്നു. പ്രായവ്യത്യാസം ഒരു വലിയ കാര്യമല്ലെന്നും, താൻ പക്വതയുള്ള വ്യക്തിയായതിനാൽ പക്വതയുള്ള ഒരു പങ്കാളിയെയാണ് ആഗ്രഹിക്കുന്നതെന്നും ധൻസിക വ്യക്തമാക്കി. പ്രായവ്യത്യാസത്തേക്കാൾ അണ്ടർസ്റ്റാന്റിങിനും സ്നേഹത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്നും അത് തങ്ങൾക്കിടയിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിശാൽ ജീവിതത്തിൽ വന്ന ശേഷം തന്നിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

'യോഗി ഡാ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് സായ് ധൻസികയും വിശാലും പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചത്. ഏറെ നാളായി ഇരുവരും സൗഹൃദത്തിലായിരുന്നു. 'കബാലി', 'പേരാൺമൈ', 'പരദേശി' തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയും ദുൽഖർ സൽമാൻ നായകനായ 'സോളോ' എന്ന മലയാള ചിത്രത്തിലൂടെയും സായ് ധൻസിക ശ്രദ്ധേയയാണ്. സുന്ദർ സി സംവിധാനം ചെയ്യുന്ന 'പുരുഷൻ' ആണ് വിശാലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. തമന്നയും യോഗി ബാബുവുമാണ് ഈ സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.