മുംബൈ: ബോളിവുഡിൽ ഒരുങ്ങുന്ന വമ്പൻ ചിത്രം 'രാമായണ' സീരീസിൽ തെന്നിന്ത്യൻ താരം സായ് പല്ലവി തന്നെ സീതയായി എത്തുമെന്ന് റിപ്പോർട്ട്. ആലിയ ഭട്ടിന് പകരം സായ് പല്ലവിയെയാണ് ചിത്രത്തിലേക്ക് പരിഗണിക്കുന്നത്. ഇക്കാര്യം ബോളിവുഡ് റിപ്പോർട്ടർമാർ പുറത്തുവിട്ടു. ഇതിനുപിന്നാലെയാണ് 'രാമായണ' സീരീസിനെക്കുറിച്ച് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നത്.

നിതേഷ് തിവാരി ഒരുക്കുന്ന ചിത്രത്തിൽ രൺബീർ കപൂറും യാഷുമാണ് സായ് പല്ലവിക്കൊപ്പം അണിനിരക്കുന്നത്. അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നും ജൂലൈയിലാകും യാഷ് ചിത്രത്തിനൊപ്പം ചേരുകയെന്നും റിപ്പോർട്ട് പറയുന്നു.

നിതേഷ് തിവാരിയുടെയും സംഘത്തിന്റെയും 'രാമായണ' പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുപോകുന്നു. ബ്ലൂപ്രിന്റെല്ലാം തയാറായിരിക്കുന്നു. ഓസ്‌കാർ നേടിയ കമ്പനിയായ ഡി.എൻ.ഇ.ജിയാണ് വി.എഫ്.എക്‌സ് തയാറാക്കുന്നത്. 2024 ഫെബ്രുവരി മുതൽ ആരംഭിക്കുന്ന ചിത്രീകരണത്തിൽ രൺബീറും സായ് പല്ലവിയും ഉണ്ടാകും -പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ പറയുന്നു.

രാമനും സീതക്കും കൂടുതൽ പ്രാമുഖ്യം നൽകുന്നതാണ് സിനിമയുടെ ആദ്യ ഭാഗം. യാഷിന് പ്രാധാന്യമുള്ള സന്ദർഭം 'രാമായണ'യുടെ രണ്ടാം ഭാഗത്തിലാണ്. ആദ്യ ഭാഗത്തിൽ യാഷിന് 15 ദിവസത്തെ ഷൂട്ടാണ് ഉണ്ടാകുകയെന്നും പിങ്ക് വില്ലയുടെ റിപ്പോർട്ടിലുണ്ട്. രൺബീറും സായ് പല്ലവിയും യാഷും 'രാമായണ'ക്കുള്ള ലുക്ക് ടെസ്റ്റുകൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.