കൊച്ചി: അഭിലാഷ് ജോഷി- ദുൽഖർ സൽമാൻ കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് 'കിങ് ഓഫ് കൊത്ത'. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതിന് പിന്നാലെ സൈബറിടത്തിൽ ട്രോളുകൾ എത്തി. ദുൽഖറിനെ കൂടാതെ ഒരു നീണ്ട താരനിര തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 50 കോടി ബഡ്ജറ്റിലായിരുന്നു സിനിമ ഒരുക്കിയത്.

ഇറങ്ങിയ സിനിമ വെറും 30 കോടിയാണ് വേൾഡ് വൈഡ് നേടിയത്. ഈ കഴിഞ്ഞ സെപ്റ്റംബർ 29-നാണ് സിനിമ ഒടിടിയിൽ ഇറങ്ങിയത്. ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിലാണ് റിലീസ് ആയത്. ഒടിടിയിൽ വന്നിട്ടും സിനിമയ്ക്ക് വേണ്ടത്ര പ്രേക്ഷക സ്വീകാര്യത കിട്ടിയിരുന്നില്ല. മാത്രവുമല്ല നിരവധി ട്രോളുകൾക്കും സിനിമ കാരണമായി. പല സീനുകളും വച്ച് ട്രോളുകൾ വന്നു കഴിഞ്ഞിട്ടുണ്ട് സമൂഹ മാധ്യമങ്ങളിൽ

. ചില കഥാപാത്രങ്ങൾക്കും ട്രോളുകൾ ലഭിച്ചിട്ടുണ്ട്. അതിലൊന്ന് കണ്ണൻ എന്ന കഥാപാത്രത്തിന്റെ അമ്മ ഒരു പൂച്ചയ്ക്ക് വേണ്ടി മകനെ പോലെ കണ്ട രാജുവിനെ ഒറ്റികൊടുക്കുന്ന രംഗമാണ്. ഇതിന് വലിയ ട്രോളുകളാണ് ലഭിച്ചത്. കഥാപാത്രത്തിന് മാത്രമല്ല അത് അവതരിപ്പിച്ച നടി സജിത മഠത്തിലിനും രക്ഷയില്ല. വിമർശനങ്ങൾ പ്രൊഫൈലിലേക്ക് എത്തിയപ്പോൾ സജിത മറുപടിയുമായി എത്തിയിരിക്കുകയാണ്.

''കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറിപറയാനും പരിഹസിക്കാനും ഇൻബോക്സിൽ എത്തുന്നവരുടെ പ്രത്യേകശ്രദ്ധക്ക്, ഈ പ്രസ്തുതവിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവരം അറിയിച്ചോളാം.. (ഇതെങ്കിലും ഫലിക്കുമായിരിക്കുമല്ലേ? എന്തൊരു കഷ്ടമാണ് ഇത്..''), സജിത മഠത്തിൽ പ്രതികരിച്ചു.