മുംബൈ: സൂപ്പർ ഹീറോ 'ശക്തിമാൻ' ബോളിവുഡിൽ സിനിമയാക്കാൻ ഒരുങ്ങുകയാണെന്ന വാർത്തകൾ വന്നിട്ട് കുറച്ചായി. സിനിമയിൽ ആര് ശക്തിമാനാകും എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ചിത്രത്തിൽ ശക്തിമാനായി രൺവീർ സിങ് എത്തുമെന്നാണ് അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്. രൺവീർ സിങ് ശക്തിമാനായി അഭിനയിച്ചാൽ ശക്തിമാൻ എന്ന കഥാപാത്രത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽക്കുമെന്ന് മുകേഷ് ഖന്ന പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയായിരുന്നു മുകേഷിന്റെ പ്രതികരണം.

രൺവീറിന്റെ നഗ്‌നഫോട്ടോഷൂട്ട് അടക്കമുള്ള കാര്യങ്ങളെ ഖന്ന വിമർശിക്കുന്നുണ്ട്. 'നടൻ രൺവീർ സിങ് 'ശക്തിമാൻ' അവതരിപ്പിക്കുമെന്ന് സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. പലരും അതിൽ അഭിപ്രായങ്ങൾ രേഖപെടുത്തിയപ്പോഴും ഞാൻ നിശബ്ദനായിരുന്നു. എന്നാൽ രൺവീറുമായി കരാറായതായി ചാനൻ പ്രഖ്യാപിച്ചപ്പോൾ എനിക്ക് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. എത്ര വലിയ താരമായാലും ഇങ്ങനൊരു ഇമേജുള്ള ഒരാൾക്ക് ഒരിക്കലും 'ശക്തിമാൻ' ആകാൻ കഴിയില്ല. പറയേണ്ടത് ഞാൻ പറഞ്ഞിട്ടുണ്ട് ഇനി എന്താകുമെന്ന് നോക്കാം.

പേപ്പർ മാസികയ്ക്കു വേണ്ടി രൺവീർ നഗ്‌നചിത്രീകരണം നടത്തിയിരുന്നു. ഇതിനെതിരെ മുകേഷ് ഖന്ന തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇത്തരം പെരുമാറ്റം ഇന്ത്യൻ സാംസ്‌കാരിക മൂല്യങ്ങൾക്ക് വിരുദ്ധമാണ്. നഗ്‌നതയിൽ സുഖം തോന്നുന്നുണ്ടെങ്കിൽ എല്ലാ മൂന്നാമത്തെ സീനിലും നഗ്‌നരംഗങ്ങൾ ചെയ്യാൻ കഴിയുന്ന രാജ്യങ്ങളിൽ പോകണം.

നമ്മുടെ മത്സരം സ്‌പൈഡർമാൻ, ബാറ്റ്മാൻ, ക്യാപ്റ്റൻ പ്ലാനറ്റ് എന്നിവയോടല്ല എന്ന് ഞാൻ നിർമ്മാതാക്കളോട് പറഞ്ഞിട്ടുണ്ട്. 'ശക്തിമാൻ' വെറുമൊരു സൂപ്പർ ഹീറോ മാത്രമല്ല സൂപ്പർ ടീച്ചർ കൂടിയായിരുന്നു. അപ്പോൾ ആ വേഷം ചെയ്യുന്ന നടൻ സംസാരിക്കുമ്പോൾ ആളുകൾ കേൾക്കും എന്ന നിലവാരം ഉണ്ടായിരിക്കണം. സോഷ്യൽ മീഡിയ വന്നതോടെ ആളുകളുടെ പ്രതികരണവും ഉടൻ അറിയാം. അഭിനേതാക്കളുടെ രാഷ്ട്രീയം വരെ ഇവർ തുറന്നു പറയും. സിനിമ ഓടണമെങ്കിൽ കണ്ടന്റ് നന്നാകണം. സൂപ്പർതാരങ്ങൾ വന്നാൽ മാത്രം സിനിമ ഓടില്ല."മുകേഷ് ഖന്ന പറഞ്ഞു.

ബിആർ ചോപ്രയുടെ 'മഹാഭാരത്' എന്ന ടെലിവിഷൻ പരമ്പരയിലെ ഭീഷ്മ പിതാമഹന്റെ വേഷത്തിലൂടെയാണ് മുകേഷ് ശ്രദ്ധേയനായത്. ഇന്ത്യയിൽ തംരഗം സൃഷ്ടിച്ച ടെലിവിഷൻ പരമ്പരയാണ് മുകേഷ് ഖന്ന നായകനായ ശക്തിമാൻ.