മുംബൈ: മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി- രാധിക മെർച്ചന്റെ് പ്രീവെഡ്ഡിങ് ചടങ്ങിൽ സൽമാനും ഷാറൂഖും ആമിർ ഖാനും ഒന്നിച്ച് ഒരുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആർ. ആർ. ആർ എന്ന ചിത്രത്തിലെ ഓസ്‌കാർ പുരസ്‌കാരം നേടിയ നാച്ചോ നാച്ചോ എന്ന ഗാനത്തിനാണ് മൂവരും നൃത്തം ചെയ്തത്. ഖാന്മാരുടെ നൃത്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ജാംനഗറിൽ നിന്നുള്ള ഖാന്മാരുടെ രസകരമായ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. മൂവരും വാക് വാദത്തിലേർപ്പെടുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. അടുത്ത സുഹൃത്തുക്കളായ ഇവർ നൃത്ത ചെയ്യാനുള്ള പാട്ടിനെ ചൊല്ലിയായിരുന്നു തർക്കം. തന്റെ ഹിറ്റ് ഗാനമായ 'ബേഷരം രംഗി'ന് ചുവടുവെക്കണമെന്നായിരുന്നു ഷാറൂഖിന്റെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ സൽമാൻ ഖാൻ തയാറായില്ല. തന്റെ ദബാംഗ് എന്ന ചിത്രത്തിലെ ഗാനം മതിയെന്നായിരുന്നു നടന്റെ വാദം.

സൽമാനും ഷാറൂഖും തർക്കത്തിൽ ഏർപ്പെടുമ്പോൾ പ്രശ്‌നം പരിഹരിക്കാനായി തന്റെ ഗാനത്തിന് ചുവടുവച്ചാൽ മതിയെന്ന് ആമിർ പറഞ്ഞു. ഒടുവിൽ പാട്ട് തീരുമാനിക്കാനുള്ള അവകാശം താരങ്ങൾ മുകേഷ് അംബാനിക്ക് നൽകി. ആർ. ആർ ആറിലെ നാച്ചോ നാച്ചോ എന്ന ഗാനമാണ് അംബാനി കുടുംബം തെരഞ്ഞെടുത്തത്. തുടർന്ന് മൂവരും ഗാനത്തിന് ചുവടുവെച്ചു.

View this post on Instagram

A post shared by Dharma 2.0 (@dharma2pointo)

ദീർഘനാളുകൾക്ക് ശേഷമാണ് ഖാന്മാർ ഒന്നിച്ച് ഒരു വേദിയിൽ എത്തുന്നത്. ഇത് ആരാധകരെ ഏറെ ആവേശത്തിലാഴ്‌ത്തിയിരുന്നു. ആമിറും സൽമാനും ഷാറൂഖും ഒന്നിച്ചെത്തിയതിന് പിന്നാലെ താരങ്ങളുടെ ബിഗ് സ്‌ക്രീൻ ചർച്ചകൾ ഉയർന്നു വന്നിരുന്നു. സുഹൃത്തുക്കൾക്കൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം ആമിർ ഖാൻ പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നുപേർക്കും തൃപ്തികരമായ കഥ വന്നാൽ തീർച്ചയായും സിനിമ ചെയ്യുമെന്ന് ആമിർ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പറഞ്ഞു.