തൊടുപുഴ: ഏറ്റവും ഇഷ്ടമുള്ള രണ്ട് താരങ്ങളും മലയാളത്തിലെന്ന് തെന്നിന്ത്യൻ താരം സാമന്ത. തന്റെ ഫേവറീറ്റ് ആക്ടർ ആരാണെന്ന് എന്ന് ചോദിച്ചാൽ എല്ലായ്‌പ്പോഴും മമ്മൂക്കയുടേയും ഫഹദ് ഫാസിലിന്റേയും പേരുകളാണ് പറയുന്നതെന്ന് സാമന്ത പറഞ്ഞു.

തൊടുപുഴയിൽ ഒരു സ്വകാര്യചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. അടുത്തിടെ പങ്കുവച്ച മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തെ പറ്റിയും താരം പറഞ്ഞു. 'മമ്മൂക്കക്കൊപ്പം അടുത്തിടെ ഒരു പരസ്യത്തിൽ അഭിനയിച്ചു. അപ്പോൾ ഞാൻ വിറക്കുകയായിരുന്നു. കാരണം ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്' സാമന്ത പറഞ്ഞു.

മുൻപ് കാതൽ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചും താരം രംഗത്തെത്തിയിരുന്നു. "മമ്മൂട്ടി സാർ, നിങ്ങൾ എന്റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തിൽ പുറത്തു കടക്കാൻ എനിക്ക് ആവില്ല", എന്നായിരുന്നു സാമന്ത കുറിച്ചത്.