- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരിക്കലും ഞാനിങ്ങനെയാകുമെന്ന് വിചാരിച്ചിരുന്നില്ല'; സാമന്തയുടെ വർക്കൗട്ട് ചിത്രങ്ങൾക്ക് ആരാധകന്റെ കമന്റ്; ഉപദേശം ആവശ്യമുള്ളപ്പോൾ ചോദിച്ചോളാമെന്ന് മറുപടി; കയ്യടിച്ച് സൈബറിടം
ഹൈദരാബാദ്: ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്ത് പ്രഭു. കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിന്റെ ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചതോടെ അത് ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്. ജിമ്മിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
മസിലുകളും ടോൺഡ് ആയ ശരീരവും വ്യക്തമാക്കുന്ന ഈ ചിത്രങ്ങൾ സാമന്തയുടെ അർപ്പണബോധത്തെയാണ് സൂചിപ്പിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സാമന്ത കുറിച്ച വാക്കുകളാണ് ആരാധകരെ കൂടുതൽ പ്രചോദിപ്പിച്ചത്. "നല്ല മസിലുള്ള ആളുകളെ കാണുമ്പോൾ, ഒരിക്കലും ഞാനിങ്ങനെയാവില്ല എന്ന് ചിന്തിച്ചിരുന്നു. പക്ഷേ എനിക്ക് തെറ്റി. ഇവിടെയെത്താൻ ഞാൻ എടുത്ത പ്രയത്നം തീവ്രമായിരുന്നു, ശരിക്കും തീവ്രം" - സാമന്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഏതാനും വർഷം മുമ്പ് താൻ ഇത്രയും കരുത്തുള്ള ശരീരം നേടുമെന്ന് വിചാരിച്ചിരുന്നില്ലെന്നും, ഇത് തന്റെ ജനിതക ഘടനയിലുള്ളതല്ലെന്നും താരം പറയുന്നു. ഉപേക്ഷിക്കാൻ തോന്നിയ ദിവസങ്ങളിലും വർക്കൗട്ട് തുടർന്നു. മനോഹരമായ രൂപത്തിന് മാത്രമല്ല, ആരോഗ്യത്തോടെ ജീവിക്കാനും പ്രായമാകുമ്പോൾ കരുത്തോടെ ഇരിക്കാനും സ്ട്രെങ്ത് ട്രെയിനിംഗ് അത്യാവശ്യമാണെന്നും സാമന്ത ഓർമ്മിപ്പിക്കുന്നു.
ഇതിനിടെ "ഇത്രയധികം വ്യായാമം ചെയ്താൽ ശരീരം മെലിഞ്ഞുപോവില്ലേ?" എന്ന ഒരു ഉപയോക്താവിന്റെ കമന്റിന് താരം നൽകിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. "എനിക്ക് നിങ്ങളുടെ ഉപദേശം ആവശ്യമുള്ളപ്പോൾ ഞാൻ ചോദിച്ചോളാം" എന്നായിരുന്നു താരത്തിന്റെ മറുപടി. മയോസൈറ്റിസ് എന്ന രോഗാവസ്ഥയെ അതിജീവിച്ച ശേഷവും ഫിറ്റ്നസ് നിലനിർത്താൻ സാമന്ത നടത്തുന്ന പരിശ്രമങ്ങൾ ആരാധകർക്ക് വലിയ പ്രചോദനമാണ് നൽകുന്നത്. നടിയുടെ ഈ ചിത്രങ്ങൾക്കും വാക്കുകൾക്കും വലിയ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.




