തിരുവനന്തപുരം: സിനിമാ നിർമ്മാണ രംഗത്ത് മലയാളി വനിതകൾ കൈവെക്കാൻ മടിച്ചിരുന്ന സമയത്ത് ആ രംഗത്തേക്ക് ധൈര്യസമേതം കടന്നുവന്ന വ്യക്തിയാണ് സാന്ദ്രാ തോമസ്. അന്ന് വിജയ് ബാബുവിന് ഒപ്പമാണ് സിനിമാ നിർമ്മാണ കമ്പനി തുടങ്ങിയതും. ഈ ബാനറിൽ മലയാളത്തിന് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കാൻ സാന്ദ്രക്ക് സാധിക്കുകയും ചെയ്തു. ഇപ്പോൾ സ്വന്തം നിലയിൽ പുതിയ സിനിമാ നിർമ്മാണ കമ്പനി തുടങ്ങുകയാണ് സാന്ദ്രാ തോമസ്.

ആറു വർഷത്തെ ഇടവേളക്ക് ശേഷം സാന്ദ്രാ തോമസ് വീണ്ടും സിനിമാ നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. 'സാന്ദ്രാതോമസ് പ്രൊഡക്ഷൻസ്' എന്ന സ്വന്തം ബാനറിലാണ് സിനിമാ നിർമ്മാണം. ആദ്യ സിനിമയായി 'നല്ല നിലാവുള്ള രാത്രി' യാണ് പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നത്. മർഫി ദേവസി എന്ന പുതുമുഖ സംവിധായകന്റേതാണ് ചിത്രമെന്ന് സാന്ദ്ര ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സാന്ദ്രാ തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

നീണ്ട ആറുവർഷത്തെ ഇടവേളക്ക് ശേഷം ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് ഞാൻ മടങ്ങിവരികയാണ്. ഇത്തവണ 'സാന്ദ്രാതോമസ് പ്രൊഡക്ഷൻസ്' എന്ന സ്വന്തം ബാനറിന്റെ ആദ്യ സംരംഭമായ 'നല്ല നിലാവുള്ള രാത്രി' എന്ന സിനിമയാണ് പ്രിയ പ്രേക്ഷകർക്കു മുന്നിൽ സമർപ്പിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും കരുതലും സപ്പോർട്ടും നിങ്ങളിലുള്ള വിശ്വാസവുമാണ് 'സാന്ദ്രാതോമസ് പ്രൊഡക്ഷൻസിന്റെ കരുത്ത്. വമ്പൻ താരനിരയില്ലാതെ ഈ സിനിമ ഒരുക്കുവാൻ എനിക്ക് പ്രചോദനമാകുന്നതും നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരിലുള്ള ആ വിശ്വാസംകൊണ്ടാണ്. പേരുപോലെ തന്നെ മനോഹരമായ 'നല്ല നിലാവുള്ള രാത്രി' നിങ്ങൾക്കും വ്യത്യസ്ത അനുഭവം നൽകുന്ന സിനിമയാകുമെന്ന് എനിക്കുറപ്പുണ്ട്.

കുറെനാളുകൾക്ക് ശേഷം ഒരു ആക്ഷൻത്രില്ലർ, ഒരു പ്രത്യേക നായകനടൻ ഇല്ലാത്ത എല്ലാ കഥാപാത്രങ്ങൾക്കും ഗ്രേ ഷേഡുള്ള സിനിമ. പ്രവചനാതീതമായ രണ്ടാംപകുതി, താളം പിടിക്കാൻ താനാരോ പാട്ട് അങ്ങനെ തീയേറ്ററിൽ പോയി സിനിമ കാണുന്ന പ്രേക്ഷകന് ഒരു വ്യത്യസ്ത അനുഭവം പകർന്നുനൽകാൻ കഴിയുന്ന സിനിമയാകുമിതെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒത്തിരി പ്രതിസന്ധികൾ മറികടന്നാണ് ഈ ചിത്രം നാളെ നിങ്ങൾക്കു മുന്നിലെത്തിക്കുന്നത്. മർഫി ദേവസി എന്ന പുതുമുഖ സംവിധായകനടക്കം നിരവധി അണിയറപ്രവർത്തകരുടെ അധ്വാനവും പ്രതീക്ഷയുമാണ് ഈ ചിത്രം.

പുതിയ സംവിധായകർക്കും അണിയറപ്രവർത്തകർക്കും നടീനടന്മാർക്കും അവസരം നൽകാൻ എനിക്ക് മടിയില്ല. അതു പൂർണ്ണമാകണമെങ്കിൽ നിങ്ങളെല്ലാവരും എനിക്കൊപ്പം ഉണ്ടാകണം. ഒരുപാട് പ്രതീക്ഷയോടെ 'നല്ല നിലാവുള്ള രാത്രി' നിങ്ങളെ ഏൽപ്പിക്കുകയാണ് .

സ്നേഹപൂർവ്വം, പ്രാർത്ഥനയോടെ

സാന്ദ്രാതോമസ്.