ബംഗളൂരു: പ്രശസ്ത നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് നിയമ പഠനത്തിന് പ്രവേശനം നേടി. ബംഗളൂരുവിലെ പ്രമുഖ സ്ഥാപനമായ ക്രൈസ്റ്റ് ലോ അക്കാദമിയിലാണ് സാന്ദ്ര എൽഎൽബിക്ക് അഡ്മിഷൻ എടുത്തിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരം ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

ജീവിതത്തിലെ പ്രതിസന്ധികൾ വളർച്ചയെ തടസ്സപ്പെടുത്തുന്നില്ലെന്നും, ഏത് പ്രായത്തിലും സ്വപ്നങ്ങളെ പിന്തുടരാൻ സ്ത്രീകൾക്ക് സാധിക്കുമെന്നും തെളിയിക്കാനാണ് ഈ ശ്രമമെന്ന് സാന്ദ്ര തോമസ് പറഞ്ഞു. ഒരുമിച്ച് നിരവധി ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും സ്ത്രീകൾക്ക് കഴിയും. നിയമപഠനം തൻ്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ നിർമ്മാണ രംഗത്തും അഭിനയത്തിലും സജീവമായിരുന്ന സാന്ദ്ര, വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിംസ് എന്ന നിർമ്മാണ കമ്പനിയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് സ്വന്തമായി നിർമ്മാണ കമ്പനി തുടങ്ങി. 'ആട്', 'ആമേൻ', 'സക്കറിയയുടെ ഗർഭിണികൾ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബി.ബി.എ ബിരുദവും ഇന്റർനാഷണൽ ബിസിനസ്സിൽ ബിരുദാനന്തര ബിരുദവും നേടിയ സാന്ദ്ര, 2016-ൽ വിൽസൺ ജോൺ തോമസിനെ വിവാഹം കഴിച്ചു. സമീപകാലത്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സാന്ദ്ര തോമസ് വാർത്തകളിൽ ഇടം നേടിയിരുന്നു.