കൊച്ചി: ഓണചിത്രങ്ങളുടെ പ്രമോഷനുകൾ കൊടുമ്പിരി കൊള്ളുകയാണ്. നിവിൻ പോളി പ്രധാന കഥാപാത്രമാകുന്ന 'രാമചന്ദ്ര ബോസ് ആൻഡ് കോ'യുടെ പ്രമോഷനും കളറായിരുന്നു. നടൻ വിനയ് ഫോർട്ടിന്റെ ലുക്കായിരുന്നു സിനിമയ്ക്ക് അനായാസം പ്രമോഷൻ നൽകിയത്. മുറിമീശയുമായുള്ള താരത്തിന്റെ ആ ഇരിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

ഇപ്പോൾ വിനയ് ഫോർട്ടിന് പിന്തുണയുമായി നടൻ സഞ്ജു ശിവറാം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. പാതി മീശ വടിച്ച ലുക്കിലാണ് സഞ്ജുവിനെ കാണുന്നത്. നൻപന് ഐക്യദാർഢ്യം എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ജസ്റ്റിസ്, വിനയ് ഫോർട്ട് എന്നീ ഹാഷ്ടാഗുകൾക്കൊപ്പാണ് ചിത്രം. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് സഞ്ജുവിന്റെ പോസ്റ്റ്. പുതിയ ട്രെൻഡ് ആകുമോ എന്നാണ് അവരുടെ ചോദ്യം. വിനയ് ഫോർട്ടിന്റെ അത്ര ഒത്തില്ല എന്നു പറയുന്നവരും കൂട്ടത്തിലുണ്ട്.

'രാമചന്ദ്ര ബോസ് ആൻഡ് കോ'യുടെ പ്രസ് മീറ്റിലാണ് വിനയ് വ്യത്യസ്തമായ ലുക്കിൽ പ്രത്യക്ഷപ്പട്ടത്. ചുവന്ന ബനിയനും കൂളിങ് ഗ്ലാസുമായി ചാർളി ചാപ്ലിൻ ലുക്കിൽ എത്തിയ താരത്തിന്റെ ഇരിപ്പും സംസാരവുമെല്ലാം വൈറലാവുകയായിരുന്നു. ജഗതിയുടെ 'ഉമ്മൻ കോശി' എന്ന കഥാപാത്രം, മിന്നാരത്തിലെ കുതിരവട്ടം പപ്പു എന്നിവരുമായാണ് പലരും വിനയ് ഫോർട്ടിന്റെ ലുക്കിന്റെ താരതമ്യം ചെയ്തിരിക്കുന്നത്. വിനയ്‌യെ പ്രശംസിച്ചുകൊണ്ട് അജു രംഗത്തെത്തിയിരുന്നു. 'അപ്പൻ' എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലെ വിനയ്‌യുടെ ലുക്കാണ് ഇത്.