ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യക്ക് പിന്നിൽ ആദായ നികുതി വകുപ്പിന്റെ കടുത്ത സമ്മർദ്ദമല്ലെന്നും, മറ്റ് ദുരൂഹമായ കാരണങ്ങളാകാമെന്നും നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. എത്ര വലിയ നികുതി വെട്ടിപ്പ് നടത്തിയാലും ആദായ നികുതി വകുപ്പോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ (ഇ.ഡി.) ആരെയും 'വിഴുങ്ങാറില്ലെന്നും' പിഴ ചുമത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ആദായ നികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായെന്നാണ് റോയിയുടെ കുടുംബം പറയുന്ന പശ്ചാത്തലത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ ഈ പ്രതികരണം.

കഴിഞ്ഞ ഒരു മാസമായി ബെംഗളൂരുവിലെ എല്ലാ ബിൽഡർമാരുടെയും ഓഫീസുകളിൽ ആദായ നികുതി റെയ്ഡുകൾ നടക്കുന്നുണ്ടെന്നും, എന്നാൽ അവരൊന്നും ആത്മഹത്യ ചെയ്തിട്ടില്ലെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. കെട്ടിട നിർമ്മാണ മേഖല കള്ളപ്പണത്തിന്റെ ഇടപാടുകൾക്ക് പേരുകേട്ടതാണെന്നും, അതിനാൽ തെളിവുകൾ ലഭിക്കുമ്പോൾ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി വകുപ്പ് ചില രേഖകൾ ചോദിച്ചപ്പോൾ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടാൽ ആരെയും തൂക്കിലേറ്റാറില്ലെന്നും, പിഴ അടച്ച് ഭൂരിഭാഗം സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും പുറത്തുവരാൻ കഴിയുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനുമുമ്പും നിരവധി കോടീശ്വരന്മാർ പലയിടങ്ങളിലായി ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിലും, അവരിൽ പലരും ആദായ നികുതി വകുപ്പിനെയോ ഇ.ഡിയെയോ ഭയന്നായിരുന്നില്ലെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. രണ്ട് ലക്ഷം കോടി രൂപ ആസ്തിയുള്ള കപ്പൽ ജോയി ഗൾഫിലും, ജോർജ്ജ് മുത്തൂറ്റ് ഡൽഹിയിലെ ബഹുനില കെട്ടിടത്തിൽ നിന്നും ചാടിയും ആത്മഹത്യ ചെയ്ത സംഭവങ്ങൾ അദ്ദേഹം ഉദാഹരണമായി പറഞ്ഞു.