കൊച്ചി: ഇപ്പോൾ സിനിമയുടെ വിജയം നൂറു കോടി ക്ലബ്ബ് എന്നുപറഞ്ഞുള്ള പരസ്യങ്ങളാണ്. ഇതൊരു മാർക്കറ്റിങ് തന്ത്രം കൂടിയാണെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ഇക്കാര്യം തുറന്നു പറഞ്ഞു സന്തോഷ് പണ്ഡിറ്റ് രംഗത്തുവന്നു. നൂറി കോടി എന്നൊക്കെ പറയുന്നത് വെറും തള്ളാണെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി.

100 കോടി ക്ലബ്ബിൽ സിനിമ കേറീന്ന് പറയുന്നത് ഓക്കേ വെറും തള്ളല്ലേ എന്നാണ് ഉദാഹരണ സഹിതം സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിലായിരുന്നു സന്തോഷിന്റെ പ്രതികരണം.

'ഒരു സെന്ററിൽ 200 ആള് അല്ലെങ്കിൽ 150 ആള്. നാല് ഷോ 800 ആളുകൾ. ഒരുദിവസം 800 ആളുകളല്ലേ സിനിമ കാണുന്നത്. 100 സെന്ററിൽ ആണെങ്കിൽ 80,000. അതിപ്പോൾ 300 സെന്ററിൽ ആണെങ്കിൽ രണ്ട് ലക്ഷത്തി നാല്പതിനായിരം. 100 രൂപ ആവറേജ് കൂട്ടുകയാണെങ്കിൽ രണ്ട് കോടി നാല്പത് ലക്ഷം. ആ ദിവസത്തെ ഒരു സീറ്റ് പോലും പെന്റിങ് ആകരുത് എന്നാലെ ഇത് കറക്ട് ആകൂ. നാലാമത്തെ ആഴ്ച ഇവർ ഒടിടിക്ക് കൊടുക്കുന്നുണ്ട്. പല സെന്ററുകളിലും 200 സീറ്റ് പോലും ഇല്ല. അപ്പോൾ ഒരു ദിവസത്തെ കളക്ഷൻ മൂന്നരക്കോടിയോളം ഒക്കെ എങ്ങനെ വരും. ആദ്യത്തെ മൂന്ന് ദിവസം കഴിഞ്ഞ് അടുത്ത ദിവസം തിയേറ്ററിൽ പോയാൽ അവിടെ എത്ര ആളുണ്ടെന്ന് മനസിലാകും.'

'100 കോടി കളക്റ്റ് ചെയ്യണമെങ്കിൽ 65 ലക്ഷം പേർ കാണണം. കേരളത്തിലെ മൊത്തം സിനിമാപ്രാന്തന്മാർ കണ്ടാൽ പോലും അത് കിട്ടില്ല. അതും നാലാഴ്ച കഴിഞ്ഞ് ഒടിടിയിൽ വരുന്ന സിനിമ. ഞാൻ പറയുന്നത് വേണമെങ്കിൽ വിശ്വസിക്കാം. ഒരു ഹിറ്റ് സിനിമയ്ക്ക് ഇവിടെ കിട്ടുന്നത് 20 കോടിയാണ്. നല്ല സൂപ്പർ ഹിറ്റാകുന്ന ചിത്രത്തിന് ലഭിക്കുന്നത് 50 കോടിയാണ്. സൂപ്പർ- ഡ്യൂപ്പർ ഹിറ്റുകളായ ബാഹുബലി പോലുള്ള സിനിമകൾക്ക് കിട്ടുന്നത് 76 കോടിയാണ്.

മലയാള സിനിമയുടെ കാര്യമൊന്നും ഞാൻ പറയുന്നില്ല. അപ്പോൾ ഇവിടെ പറയുന്നത് മുഴുവൻ തള്ളല്ലേ. കലയെ ഇഷ്ടപ്പെടുന്നവൻ എന്തിനാണ് ഇങ്ങനെ തള്ളിമറിക്കുന്നേ' , സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.