കൊച്ചി: മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ സിനിമയ്ക്കുണ്ടാകുന്ന നഷ്ടം തന്റെ പ്രതിഫലത്തിൽ നിന്ന് കുറയ്ക്കാറുണ്ടെന്ന് പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി. കുരുവിള വെളിപ്പെടുത്തി. നടൻ ഒരു കലാകാരനാണെന്നും കച്ചവടക്കാരനായി മാറിയാൽ കല നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആന്റണി പെരുമ്പാവൂരിന്റെ വരവോടെയാണ് മോഹൻലാലിന് നല്ല സിനിമകളും സാമ്പത്തിക അച്ചടക്കവും കൈവന്നതെന്നും കൂട്ടിച്ചേർത്തു. 'മൂവി വേൾഡ് മീഡിയക്ക്' നൽകിയ അഭിമുഖത്തിലായിരുന്നു സന്തോഷ് ടി. കുരുവിളയുടെ ഈ നിർണായക വെളിപ്പെടുത്തൽ.

'നീരാളി' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും സന്തോഷ് ടി. കുരുവിള ഓർമ്മിപ്പിച്ചു. "വലിയ ഹിറ്റ് പടങ്ങളൊക്കെ അതിനു മുമ്പ് ഇറങ്ങിയിട്ടുണ്ട്. അവസാനം കണക്കുമായിട്ട് വരുമ്പോൾ ഒന്നും കാണത്തില്ല. നഷ്ടമായിരിക്കും. പുള്ളിക്ക് കൊടുക്കാനുള്ള ശമ്പളത്തിൽ അത് കുറയ്ക്കും," അദ്ദേഹം മോഹൻലാലിന്റെ വാക്കുകൾ ഉദ്ധരിച്ച് പറഞ്ഞു. മോഹൻലാൽ ഒരു കലാകാരനാണെന്നും, ഒരു കലാകാരന് ഒരിക്കലും കച്ചവടക്കാരനായി മാറാൻ സാധിക്കില്ലെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേർത്തു.

"കച്ചവടക്കാരൻ ആയാൽ അയാളുടെ കല അയാളിൽ നിന്ന് പോകും. ആന്റണി പെരുമ്പാവൂർ വന്നതിന് ശേഷമാണ് ലാലേട്ടന് നല്ല സിനിമകളും ഫിനാൻഷ്യൽ ഡിസിപ്ലിനും ഉണ്ടായത്. ഞാൻ അതിന് ശേഷമാണ് ലാലേട്ടനെ പരിചയപ്പെടുന്നത്. അതിന് മുന്നേയുള്ള കാര്യങ്ങൾ എനിക്ക് അറിയില്ല," അദ്ദേഹം വിശദീകരിച്ചു. രാജേഷ് മാധവൻ സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' എന്ന ചിത്രമാണ് സന്തോഷ് ടി. കുരുവിള നിർമ്മിച്ച ഏറ്റവും പുതിയ ചിത്രം. തിയേറ്ററുകളിൽ മികച്ച പ്രേക്ഷകപ്രതികരണം നേടിയ ഈ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്.