- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രവാസികളുടെ ഭിക്ഷയാണ് കേരളത്തിന്റെ വളര്ച്ച'; എന്റെ എല്ലാ സിനിമയിലും മെസേജ് ഉണ്ടാകും; പന്ത്രണ്ടാമത്തെ ചിത്രമാണ് 'കേരള ലൈവ്'; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ

കൊച്ചി: പന്ത്രണ്ടാമത്തെ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു. 'കേരള ലൈവ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രവാസികളുടെ ജീവിതവും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലവും ചർച്ച ചെയ്യുന്ന സിനിമ പതിവുപോലെ ലോ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
പ്രവാസികളും കേരളവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. തന്റെ എല്ലാ സിനിമകളിലും ഒരു സന്ദേശമുണ്ടാകുമെന്നും പ്രേക്ഷകരുടെ സമയവും പണവും വെറുതെ കളയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"അഞ്ച് വർഷങ്ങൾക്ക് ശേഷം കേരളം എങ്ങനെയായിരിക്കും എന്ന ഭാവനയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. ജോലി നഷ്ടപ്പെട്ട് പ്രവാസികൾ എല്ലാവരും ഒന്നിച്ച് കേരളത്തിലേക്ക് മടങ്ങി വന്നാൽ പ്രവാസിയുടെയും കേരളത്തിന്റെയും അവസ്ഥ എന്താകും? ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തിലെ വികസനങ്ങളെല്ലാം പ്രവാസികളുടെ വിയർപ്പിൽ ഉണ്ടായതാണ്. സത്യത്തിൽ പ്രവാസികളുടെ ഭിക്ഷയാണ് കേരളത്തിന്റെ വളർച്ച. ഇവിടുത്തെ വലിയ മാളുകളോ ബിഗ് ബജറ്റ് സിനിമകളോ ഒന്നും സർക്കാർ ഉദ്യോഗസ്ഥരുടെ മാത്രം അധ്വാനഫലമല്ല, അതിലെല്ലാം പ്രവാസികളുടെ പങ്കുണ്ട്," സന്തോഷ് പണ്ഡിറ്റ് പറയുന്നു.
യുദ്ധസാഹചര്യങ്ങൾക്കും മുൻപേ എഴുതിയ തിരക്കഥയാണെങ്കിലും നിലവിലെ ആഗോള സാഹചര്യങ്ങൾ സിനിമയെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണെന്ന് പലരും കരുതിയേക്കാം. എന്നാൽ സ്വദേശിവത്കരണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസിയുടെ ഡയലോഗുകൾ ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് മാറ്റേണ്ടി വന്നെന്നും സന്തോഷ് കൂട്ടിച്ചേർത്തു. മീഡിയ ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പണ്ഡിറ്റ് സിനിമയെക്കുറിച്ച് മനസ്സ് തുറന്നത്.


