കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരമായിരുന്ന സാറ അർജുൻ, രൺവീർ സിങ് നായകനാകുന്ന 'ധുരന്ദർ' എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വലിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വിമർശനങ്ങളും പ്രശംസകളും ഒരുപോലെ നേടിക്കൊണ്ടാണ് 'ധുരന്ദർ' ട്രെയിലർ ശ്രദ്ധ നേടുന്നത്.

നാൽപ്പതുകാരനായ രൺവീർ സിങ്ങിൻ്റെ നായികയായി ഇരുപതുകാരിയായ സാറ എത്തുന്നു എന്നതാണ് പ്രധാന ചർച്ചാവിഷയം. എക്സ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടെ നടീനടന്മാരുടെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി ഒരു വിഭാഗം വിമർശിക്കുമ്പോൾ, മികച്ച പ്രകടനത്തിലൂടെ സിനിമയിൽ തൻ്റെ സ്ഥാനം ഉറപ്പിച്ച സാറയുടെ വളർച്ചയെ അഭിനന്ദിക്കുന്നവരും ഏറെയാണ്. ബാലതാരമായി വെള്ളിത്തിരയിലെത്തി തൻ്റേതായ ഒരിടം കണ്ടെത്തിയ താരമാണ് സാറ അർജുൻ.

2011-ൽ പുറത്തിറങ്ങിയ '404' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സാറ സിനിമയിൽ എത്തുന്നത്. അതേ വർഷം തന്നെ വിക്രം നായകനായ 'ദൈവത്തിരുമകൾ' എന്ന തമിഴ് ചിത്രത്തിലെ പ്രകടനം സാറയെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളിൽ ഒരാളാക്കി മാറ്റി. മലയാളികൾക്ക് 'ആൻമരിയ കലിപ്പിലാണ്' എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായി തിളങ്ങിയ സാറയെ മറക്കാനാകില്ല. മണിരത്നം ഒരുക്കിയ 'പൊന്നിയിൻ സെൽവൻ' സിനിമയിൽ ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയുടെ കുട്ടിക്കാലം അവതരിപ്പിച്ചതും സാറയായിരുന്നു.

ഓരോ സിനിമയിലും പ്രായത്തെ വെല്ലുന്ന അഭിനയമികവ് കാഴ്ചവെച്ചാണ് സാറ മുന്നോട്ട് വന്നത്. 'ധുരന്ദർ' എന്ന ചിത്രത്തിൽ 'നില കൃഷ്ണ' എന്ന കഥാപാത്രമായാണ് സാറ എത്തുന്നത്. 'ഉറി ദ് സർജിക്കൽ സ്ട്രൈക്ക്' എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ ആദിത്യ ധർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ തുടങ്ങി വലിയ താരനിരയും ഈ ആക്ഷൻ-മിസ്റ്ററി ചിത്രത്തിലുണ്ട്. ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ രൺവീർ സിങ് ഉൾപ്പെടെയുള്ളവർ സാറയുടെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരുന്നു. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന 'ധുരന്ദർ' 2025 ഡിസംബർ 5 ന് ആഗോളതലത്തിൽ തിയറ്ററുകളിൽ എത്തും.