- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇപ്പോൾ ഇതൊരു ത്രികോണ പ്രണയകഥ പോലെയായി'; 'ബട്ട് ക്യാഷ്' വെറുമൊരു വാക്കല്ല, ഒരു വികാരമാണ്; ഹരീഷ് കണാരൻ കൊടുത്തത് 'ആജീവനാന്ത അസൈൻമെന്റ്'; കുറിപ്പുമായി സരിത ബാലകൃഷ്ണൻ

കൊച്ചി: 2026-ൽ മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരേയൊരു വാചകമായി ഹരീഷ് കണാരന്റെ 'ബട്ട് ക്യാഷ്' (But Cash) മാറിയിരിക്കുകയാണെന്ന് നടി സരിത ബാലകൃഷ്ണൻ. ലോകചരിത്രത്തിലെ വിഖ്യാതമായ ചോദ്യങ്ങളെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് കേരളത്തിലെ ഫേസ്ബുക്ക് പോരാളികൾ ഈ ചോദ്യം ഏറ്റെടുത്തിരിക്കുന്നതെന്ന് സരിത തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുന്നു.
നിർമ്മാതാവ് ബാദുഷയും നടൻ ഹരീഷ് കണാരനും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ഈ ചോദ്യം ഇപ്പോൾ ഒരു വികാരമായി മാറിയിരിക്കുകയാണ്. ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയെപ്പോലും ഞെട്ടിക്കുന്ന പവറാണ് ഈ രണ്ട് വാക്കുകൾക്കുള്ളത്. ഹരീഷ് കണാരൻ ചോദിച്ചത് കൊടുത്ത കടം മാത്രമായിരിക്കാം, എന്നാൽ സോഷ്യൽ മീഡിയയ്ക്ക് അത് 'ആജീവനാന്ത അസൈൻമെന്റ്' ആയി മാറിയെന്ന് സരിത കുറിച്ചു.
സരിത ബാലകൃഷ്ണന്‍റെ കുറിപ്പ്:
"BUT CASH": 2026-ലെ ഇതിഹാസ ചോദ്യം!
ലോകചരിത്രത്തിൽ പല ചോദ്യങ്ങളും ഉണ്ടായിട്ടുണ്ട്.
"To be or not to be" എന്ന് ഷേക്സ്പിയർ ചോദിച്ചു.
"എന്തുകൊണ്ട്?" എന്ന് സോക്രട്ടീസ് ചോദിച്ചു.
പക്ഷെ, 2026-ൽ മലയാളികൾ ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതാണ്:
"BUT CASH?"
സത്യത്തിൽ ഇതൊരു ഇംഗ്ലീഷ് വാക്കല്ല, ഇതൊരു വികാരമാണ് സുഹൃത്തുക്കളെ! ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറി പോലും ഞെട്ടിയിരിക്കുകയാണ്; ഒരു ചോദ്യചിഹ്നത്തിന് ഇത്രയും പവറുണ്ടോ എന്ന്! പ്രിയപ്പെട്ട ഹരീഷ് കണാരൻ, നിങ്ങൾ ചോദിച്ചത് കൊടുത്ത കടം മാത്രമല്ല; കേരളത്തിലെ ഫേസ്ബുക്ക് പോരാളികൾക്ക് നിങ്ങൾ ഇട്ടുകൊടുത്ത ഒരു 'ആജീവനാന്ത അസൈൻമെന്റ്' കൂടിയാണ്.
ഇന്നത്തെ അവസ്ഥ നോക്കൂ:
പാവം ബാദുഷ ഇക്ക ഒരു 'Good Morning' പോസ്റ്റ് ഇട്ടാൽ, സൂര്യൻ ഉദിക്കുന്നതിന് മുൻപേ കമന്റ് വരും:
"Morning Okay, But Cash?"
അദ്ദേഹം ഒന്ന് തുമ്മിയാൽ പോലും, കമന്റ് ബോക്സിൽ ആരോഗ്യവകുപ്പിനേക്കാൾ മുൻപേ എത്തുന്നത് ഈ 'But Cash' ആർമി ആണ്! ഇനി നാളെ അദ്ദേഹം ചൊവ്വയിൽ പോയി ഏലിയൻസിനൊപ്പം സെൽഫി എടുത്താലും, സ്പേസ് സ്യൂട്ടിന്റെ വിടവിലൂടെ ഒരു മലയാളി തല നീട്ടും:
"Aliens Okay, But Cash?"
ഇതിലെ തമാശ എന്തെന്നാൽ, ഈ മൂന്ന് കൂട്ടരും ഇപ്പോൾ ഒരു 'ത്രികോണ പ്രണയകഥ' പോലെയായി. പണം തിരിച്ചു കിട്ടുന്നതിനേക്കാൾ വലിയ സസ്‌പെൻസ് ആണ് ഓരോ പോസ്റ്റിനും താഴെ നടക്കുന്നത്. ഇതൊരു വലിയ സാമൂഹിക പാഠമാണ്. കൊടുക്കാനുള്ളവൻ മറന്നാലും, ചോദിക്കാനുള്ളവൻ ക്ഷമിച്ചാലും, നാട്ടുകാർ അത് വിടില്ല എന്ന് തെളിയിച്ച ചരിത്ര നിമിഷം! ഇതിപ്പോ ബാദുഷ ഇക്കയ്ക്ക് ദേഷ്യപ്പെടാനും പറ്റില്ല, ചിരിക്കാനും പറ്റില്ല എന്ന അവസ്ഥയായി.
എന്തായാലും, "But Cash" എന്നത് ഇപ്പോൾ ഒരു ട്രെൻഡ് മാത്രമല്ല, കടം വാങ്ങിയവന്റെയും കൊടുത്തവന്റെയും ഇടയിലുള്ള ഒരു 'ഇതിഹാസ കാവ്യം' ആയി മാറിക്കഴിഞ്ഞു. ബാദുഷ ഇക്കയുടെ ക്ഷമയെയും, ഹരീഷ് ഏട്ടന്റെ ടൈമിങ്ങിനെയും, കമന്റ് ആർമിയുടെ കഠിനാധ്വാനത്തെയും ഒരുപോലെ സമ്മതിക്കുന്നു. മൂന്ന് കൂട്ടരും ചേർന്ന് 2026-നെ കളറാക്കി!
(വാൽകഷ്ണം: ഈ പോസ്റ്റ് വായിച്ചിട്ട് ആവേശം കയറി എന്റെ കമന്റ് ബോക്സിൽ വന്ന് ആരും "But Cash" എന്ന് ചോദിക്കരുത്. ചോദിച്ചാൽ, ഗൂഗിൾ പേ നമ്പർ തരും. അങ്ങോട്ട് ഇട്ടേക്കാൻ പറയും!)


