- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷീലയ്ക്കൊപ്പം അഭിനയിക്കാൻ ഒരു പുതുമുഖ താരത്തെ വേണം; സംവിധായകന്റെ ശ്രദ്ധയിൽപ്പെട്ടത് ഡയാന കുര്യന്റെ ഫോട്ടോ; അഭിനയിക്കാൻ താൽപര്യമില്ലെന്ന് തിരുവല്ലക്കാരി; നയൻതാരയെ സിനിമയിലെത്തിച്ച കഥ വെളിപ്പെടുത്തി സത്യൻ അന്തിക്കാട്
കൊച്ചി: തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര തന്റെ ആദ്യ ചിത്രമായ 'മനസ്സിനക്കരെ'യിൽ അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ബന്ധുക്കളുടെ എതിർപ്പിനെത്തുടർന്ന് പിന്മാറാൻ ശ്രമിച്ച നയൻതാരയെ നിർബന്ധിച്ചാണ് സിനിമയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
'മനസ്സിനക്കരെ'യുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും ഷീല അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിനൊപ്പം അഭിനയിക്കാൻ ഒരു പുതുമുഖത്തെയാണ് സത്യൻ അന്തിക്കാട് തേടിയിരുന്നത്. പ്രശസ്തയായ ഒരു നടിയെ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഈ സമയത്താണ് ഒരു പരസ്യചിത്രത്തിൽ ഡയാന കുര്യൻ എന്ന തിരുവല്ലക്കാരിയായ പെൺകുട്ടിയുടെ ഫോട്ടോ അദ്ദേഹം കാണുന്നത്. മുഖത്തെ ആത്മവിശ്വാസം ശ്രദ്ധയിൽപ്പെട്ടതോടെ സിനിമയിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നു.
നമ്പർ സംഘടിപ്പിച്ച് വിളിച്ച് സ്വയം പരിചയപ്പെടുത്തിയപ്പോൾ, 'ഞാൻ സാറിനെ തിരികെ വിളിക്കാം' എന്ന് പറഞ്ഞ് ഡയാന സംഭാഷണം അവസാനിപ്പിച്ചു. ആരോ കബളിപ്പിക്കുകയാണോ എന്ന സംശയമായിരുന്നു ഇതിന് കാരണം. പിന്നീട്, അഭിനയ പരിചയമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും നേരിൽ കാണണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു.
തുടർന്ന് മാതാപിതാക്കളോടൊപ്പം പട്ടാമ്പിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ഡയാനയുടെ കുറച്ച് ഷോട്ടുകൾ എടുത്തുനോക്കിയപ്പോൾ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയാണെന്ന് സത്യൻ അന്തിക്കാടിന് ഉറപ്പായി. എന്നാൽ നാല് ദിവസത്തിന് ശേഷം ഫോണിൽ വിളിച്ച്, വീട്ടിലെ ചില ബന്ധുക്കൾക്ക് താൽപര്യമില്ലാത്തതിനാൽ അഭിനയിക്കുന്നില്ലെന്ന് ഡയാന അറിയിക്കുകയായിരുന്നു.
ഈ ഘട്ടത്തിലാണ് താൻ നിർബന്ധം പിടിച്ചതെന്ന് സത്യൻ അന്തിക്കാട് ഓർക്കുന്നു. 'ഡയാനയ്ക്ക് അഭിനയിക്കാൻ ഇഷ്ടമാണോ?' എന്ന് ചോദിച്ചപ്പോൾ 'അതെ' എന്നായിരുന്നു മറുപടി. 'അച്ഛനും അമ്മയ്ക്കും എതിർപ്പുണ്ടോ?' എന്ന ചോദ്യത്തിന് 'ഇല്ല' എന്നും മറുപടി ലഭിച്ചു. 'എന്നാൽ വാ' എന്ന് പറഞ്ഞ് താൻ നിർബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.