കൊച്ചി: അന്തരിച്ച നടി സൗന്ദര്യയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട് . മലയാളികൾക്ക് 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്', 'കിളിച്ചുണ്ടൻ മാമ്പഴം' എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ സൗന്ദര്യയുടെ അപ്രതീക്ഷിതമായ വിയോഗം വലിയ നഷ്ടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സൗന്ദര്യയുമായി നല്ല സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നുവെന്ന് സത്യൻ അന്തിക്കാട് ഓർത്തെടുത്തു.

സൗന്ദര്യയുടെ വ്യക്തിജീവിതത്തിലെ ഒരു മറക്കാനാവാത്ത രഹസ്യം കൂടിയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സൗന്ദര്യ കവിതകളെഴുതുമായിരുന്നുവെന്നും, ലളിതമായ ഇംഗ്ലീഷിലുള്ള തൻ്റെ കവിതകൾ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

'അച്ഛൻ്റെ മരണശേഷം വിഷാദത്തിലായിരുന്ന സമയത്ത് മുറിയിൽ നിന്നും പുറത്തിറങ്ങാതെ കുറേയധികം കവിതകൾ എഴുതിയിരുന്നതായി സൗന്ദര്യ പറഞ്ഞിരുന്നു, അവർ എഴുതിയ കവിതകൾ തൻ്റെ കയ്യിൽ സൂക്ഷിച്ചിട്ടുണ്ടെന്നും വായിച്ചുനോക്കണം എന്നും പറഞ്ഞിരുന്നു. ആ കവിതകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് മനോരമയുടെ ഞായറാഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. സൗന്ദര്യയെ വിളിച്ച് അത് അയക്കാമെന്ന് പറഞ്ഞപ്പോൾ അടുത്ത തവണ നേരിൽ കാണുമ്പോൾ തന്നാൽ മതിയെന്നാണ് അവൾ പറഞ്ഞത്. എന്നാൽ ആ കൂടിക്കാഴ്ചയ്ക്ക് മുമ്പേ അവൾ വിടപറഞ്ഞു' എന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.