അഹമ്മദാബാദ്: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ പുലർച്ചെ മൂന്നുമണിക്ക് അഹമ്മദാബാദ് നഗരത്തിലെ തെരുവിൽ പ്രത്യക്ഷപ്പെട്ടത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. ഫിലിംഫെയർ അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയ താരം, പരിപാടിക്ക് ശേഷം ഞായറാഴ്ച അതിരാവിലെയാണ് ആരാധകർക്ക് മുന്നിൽ അവതരിച്ചത്.

വെള്ള ടീസ് ർട്ടും ഡെനിംസും ധരിച്ചെത്തിയ ഷാരൂഖ് ഖാൻ, തന്റെ കാറിനരികിൽ നിന്നു. അർദ്ധരാത്രി കഴിഞ്ഞിട്ടും താരത്തെ കാണാനെത്തിയ നൂറുകണക്കിന് ആരാധകർ അദ്ദേഹത്തിന്റെ പേര് വിളിച്ചുകൊണ്ട് ആവേശം പ്രകടിപ്പിച്ചു. ആരാധകരെ നോക്കി പുഞ്ചിരിക്കാനും കൈവീശിക്കാണിക്കാനും ഷാരൂഖ് ഖാൻ സമയം കണ്ടെത്തി. ചില ആരാധകരുമായി അദ്ദേഹം നേരിട്ട് സംസാരിക്കുകയും കൈ കൊടുക്കുകയും ചെയ്തു.

ഷാരൂഖ് ഖാന്റെ ഈ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. "ഇത്ര വൈകിയും ആരാധകർ കാത്തുനിൽക്കുന്നു. ഇതാണ് യഥാർത്ഥ സ്നേഹം," ഒരാൾ പ്രതികരിച്ചു. "ഹൃദയങ്ങളുടെ രാജാവ്" എന്നാണ് മറ്റൊരാൾ താരത്തെ വിശേഷിപ്പിച്ചത്.