ബോളിവുഡ് താരം ആലിയ ഭട്ടുമായി തന്നെ താരതമ്യം ചെയ്യുന്നതിനെതിരെ നടി ശാലിനി പാണ്ഡെ. ശാലിനിക്ക് ആലിയയുടെ രൂപമായും ശബ്ദവുമായും സാമ്യമുണ്ട് എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇതിനെതിരെയാണ് ശാലിനി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ആലിയയോട് തനിക്ക് ആരാധനയുണ്ട്, എന്നാല്‍ തന്നെ താനായിട്ട് തന്നെ ആളുകള്‍ അറിയണം എന്നാണ് ആഗ്രഹം എന്നാണ് ശാലിനി പറയുന്നത്.

”ഇവിടെ മറ്റൊരു ആലിയയുടെ ആവശ്യമില്ല, കാരണം ആലിയ വളരെ അമേസിങ് ആക്ടര്‍ ആണ്. സിനിമകള്‍ കൊണ്ട് മാത്രമല്ല, ഓണ്‍സ്‌ക്രീനില്‍ അവര്‍ അത്ഭുതമാണ്. എനിക്ക് അവരോട് ആരാധനയുണ്ട്. മറ്റൊരു ആലിയ ആകാന്‍ എനിക്ക് താല്‍പര്യമില്ല. നിങ്ങള്‍ക്ക് താല്‍പര്യമുള്ള നിരവധി പ്രശംസനീയമായ ഗുണങ്ങള്‍ അവരിലുണ്ട്, പക്ഷെ എനിക്ക് എന്റേതായ വ്യക്തിത്വമാണ് വേണ്ടത്.”

”എനിക്ക് യോജിക്കാത്ത ഒരു കാര്യത്തിലേക്ക് എന്നെ തള്ളിവിടുന്നതിന് പകരം, ശാലിനി ആരാണെന്ന് ആളുകള്‍ എന്നെ കണ്ട് തന്നെ അറിയണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ ആളുകള്‍ എന്നെ സ്‌നേഹത്തോടെ താരതമ്യം ചെയ്യുന്നതിനോട് കുഴപ്പമില്ല, കാരണം അവര്‍ ഭയങ്കര സുന്ദരിയാണ്” എന്നാണ് ശാലിനി പാണ്ഡെ ഇന്‍സ്റ്റന്റ് ബോളിവുഡിനോട് പ്രതികരിച്ചിരിക്കുന്നത്.

ഈ അഭിമുഖം എത്തിയതോടെ ആലിയയുമായി നടിയെ വീണ്ടും താരതമ്യം ചെയ്തു കൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ”ശബ്ദവും ടോണും എല്ലാം ആലിയയെ പോലെ തന്നെ.. ചില ആങ്കിളില്‍ നിന്നും നോക്കിയാലും ആലിയ തന്നെ” എന്നാണ് ചിലര്‍ ശാലിനിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.

”അവര്‍ സംസാരിക്കുന്നത് പോലും ആലിയയെ പോലെയാണ്.. നല്ല സാമ്യം”, ”ഈ താരതമ്യപ്പെടുത്തല്‍ അവരെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിലും ആലിയയുടെ സ്റ്റാര്‍ഡം കാരണം തുറന്നു സമ്മതിക്കുന്നില്ല” എന്നും പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്. അതേസമയം, അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് ശാലിനി ശ്രദ്ധ നേടുന്നത്. ഇഡ്‌ലി കടൈ, രാഹു കേതു എന്ന ചിത്രങ്ങളാണ് നടിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.