കൊച്ചി: കന്നഡ സൂപ്പർഹിറ്റ് ചിത്രം 'കാന്താര'യിലെ രാജകുമാരി കനകാവതിയുടെ വേഷത്തിൽ നടിയും-നർത്തകിയുമായ ശാലു മേനോൻ പങ്കുവെച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ചിത്രത്തിൽ രുക്മിണി വസന്ത് അവതരിപ്പിച്ച ഈ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. ഇതിനെ പുനരവതരിപ്പിച്ചുകൊണ്ടുള്ള ശാലു മേനോന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

രാജകീയ പ്രൗഢിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞാണ് ശാലു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 'കാന്താര' സിനിമയുടെ പശ്ചാത്തലത്തിന് സമാനമായ ഒരു സെറ്റിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 'കാന്താര തരംഗം. ചെറിയ ശ്രമമാണ്. ക്ഷമിക്കണം' എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ശാലു മേനോന്റെ കനകാവതി പുനരവതരണം മനോഹരമായിട്ടുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ഈ രൂപത്തിൽ ശാലുവിനെ കാണാൻ ഒരു ദേവിയെപ്പോലെ തോന്നുന്നുവെന്നും പലരും കുറിച്ചു. ഫോട്ടോഷൂട്ടിന്റെ നിലവാരത്തെയും അനുകൂല പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. നിരവധിപ്പേർ ഇതിനോടകം ചിത്രങ്ങൾക്ക് ലൈക്കുകളുമായി പിന്തുണ അറിയിച്ചിട്ടുണ്ട്. അഭിനയ, നൃത്ത രംഗങ്ങളിൽ സജീവമായ ശാലു മേനോൻ നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ്.