കൊച്ചി: മോഹൻലാൽ നായകനായ 'ചെങ്കോൽ' അപ്രസക്തവും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സിനിമയാണെന്നും നടൻ ഷമ്മി തിലകൻ. തന്റെ പിതാവും മഹാനടനുമായ തിലകൻ അവതരിപ്പിച്ച അച്യുതൻ നായർ എന്ന കഥാപാത്രത്തിന്റെ ദാരുണമായ പതനമാണ് ചിത്രത്തിന്റെ പരാജയത്തിന് കാരണമെന്നും താരം ചൂണ്ടിക്കാട്ടി. 'യെസ് 27'ന് നൽകിയ അഭിമുഖത്തിലാണ് ഷമ്മി തിലകൻ ഈ പ്രതികരണം നടത്തിയത്.

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ 'കിരീട'ത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് 'ചെങ്കോൽ' എത്തിയത്. സേതുമാധവൻ എന്ന യുവകഥാപാത്രത്തിന്റെ ജീവിതം കൈവിട്ടുപോകുന്നതിനെക്കുറിച്ചും മോഹൻലാൽ-തിലകൻ ജോഡിയുടെ മത്സരിച്ചുള്ള അഭിനയത്തെക്കുറിച്ചും ഷമ്മി തിലകൻ പരാമർശിച്ചു. 'കിരീടം' നേടിയ വിജയം 'ചെങ്കോലിന്' ആവർത്തിക്കാൻ സാധിച്ചിരുന്നില്ലെന്നും മോഹൻലാലിന്റെ പ്രകടനം ഗംഭീരമായിരുന്നിട്ടും ചിത്രം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

''ചെങ്കോൽ എന്ന സിനിമ തന്നെ അപ്രസക്തമാണ്. അതിന്റെ ആവശ്യമേയില്ല. അതിൽ എന്റെ അച്ഛൻ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് കാണിക്കുന്നത്. അത് എനിക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. അതുകൊണ്ടാണ് ആ സിനിമയുടെ ആവശ്യമില്ല എന്ന് ഞാൻ പറയുന്നത്,'' ഷമ്മി തിലകൻ വ്യക്തമാക്കി. അച്യുതൻ നായർ എന്ന കഥാപാത്രത്തെ അങ്ങേയറ്റം ദുരന്തമാക്കിയതാണ് ചിത്രത്തിന് തിരിച്ചടിയായതെന്നും പ്രേക്ഷകർക്ക് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകൾക്ക് കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥപോലുള്ള കാര്യങ്ങൾ പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. 'കിരീട'ത്തിന്റെ ക്ലൈമാക്സിൽ "അവൻ ഫിറ്റല്ല" എന്ന് പറഞ്ഞ് അച്ഛൻ സല്യൂട്ട് ചെയ്യുന്നതായിരുന്നു ഒരു ശുഭകരമായ അന്ത്യമെന്നും അങ്ങനെയല്ലായിരുന്നെങ്കിൽ ആ ഡയലോഗ് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കരുതായിരുന്നുവെന്നും ഷമ്മി തിലകൻ അഭിപ്രായപ്പെട്ടു. അങ്ങനെയൊരു പതനമാണ് കഥാപാത്രത്തിന് വരുന്നതെങ്കിൽ നേരത്തെതന്നെ ആത്മഹത്യ ചെയ്യിപ്പിച്ചാൽ മതിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.