ബോളിവുഡിലെ കിംഗ് ഖാനായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ദി ബാഡ്‌സ് ഓഫ് ബോളിവുഡ് പ്രിവ്യൂ ലോഞ്ച് മുംബൈയില്‍ നടന്നു. ചടങ്ങില്‍ ഷാരൂഖ് ഖാനും ഗൗരി ഖാനും പങ്കെടുക്കുകയും, മകനെ വേദിയിലേക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള ഷാരൂഖ് ഖാന്റെ വികാരഭരിതമായ പ്രസംഗം ചര്‍ച്ചയായി.

'ഈ പുണ്യഭൂമിയോട് എനിക്ക് വലിയ നന്ദിയുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി നിങ്ങളെയെല്ലാവരെയും രസിപ്പിക്കാന്‍ അവസരം നല്‍കി ഈ നാട്. ഇന്ന് വളരെ പ്രത്യേക ദിനമാണ്, കാരണം എന്റെ മകന്‍ തന്റെ ആദ്യ കാല്‍വെപ്പ് നടത്തുന്ന ദിനമാണ് ഇത്. അവന്റെ പ്രവര്‍ത്തനം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ കൈയടിക്കാനും, അനുഗ്രഹവും പ്രാര്‍ത്ഥനയും നല്‍കാനും നിങ്ങളോട് അഭ്യര്‍ഥിക്കുന്നു,' എന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

ബോബി ഡിയോള്‍, ലക്ഷ്യ, സഹേര്‍ ബംബ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയല്‍, അന്യ സിംഗ്, വിജയ്ന്ത് കോഹ്ലി, രജത് ബേദി, ഗൗതമി കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് ആര്യന്‍ ഖാന്‍ പറഞ്ഞു: 'ദി ബാഡ്‌സ് ഓഫ് ബോളിവുഡിലൂടെ ജീവന്തമായ ഒരു ലോകം നിര്‍മ്മിക്കാനായിരുന്നു എന്റെ ശ്രമം. ഞങ്ങളുടെ ക്രിയേറ്റീവ് കാഴ്ചപ്പാട് പൂര്‍ത്തിയാക്കാന്‍ നെറ്റ്ഫ്‌ലിക്‌സില്‍ മികച്ച പങ്കാളിയെ കണ്ടെത്തി. കഥയെ ഏറ്റവും പച്ചയായും ശരിയായ രീതിയിലും അവതരിപ്പിക്കാന്‍ അവര്‍ പിന്തുണ നല്‍കി,' എന്നും അദ്ദേഹം വ്യക്തമാക്കി.

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം 2025 ഫെബ്രുവരി 3-ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതാണ്. ബോളിവുഡിന്റെ തിളക്കത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ലോകത്തിലേക്ക് പ്രവേശിക്കുന്ന ഒരു യുവാവിന്റെയും കൂട്ടുകാരുടെയും കഥയാണ് സിനിമ കൈകാര്യം ചെയ്യുന്നത്.