ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള നടന്‍മാരിലൊരാളാണ് ഷാരുഖ് ഖാന്‍. അദ്ദേഹത്തിന്റെ ഡാന്‍സിനും ആരാധകരേറെയാണ്. ഇപ്പോഴിതാ ദുബായിലെ ഗ്ലോബല്‍ വില്ലേജില്‍ വച്ച് തെന്നിന്ത്യന്‍ താരങ്ങളേക്കുറിച്ച് ഷാരുഖ് പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയ കീഴടക്കി കൊണ്ടിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഗ്ലോബല്‍ വില്ലേജിലെത്തിയതായിരുന്നു കിങ് ഖാന്‍. ഏകദേശം എണ്‍പതിനായിരത്തോളം ആരാധകരാണ് ഷാരൂഖിനെ കാണാനായി ചടങ്ങിലെത്തിയത്.

'കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള എന്റെ എല്ലാ ആരാധകരോടുമായി ഒന്നു പറയുകയാണ്. എനിക്കവിടെയെല്ലാം ഒരുപാട് സുഹൃത്തുക്കളുണ്ട്. അല്ലു അര്‍ജുന്‍, പ്രഭാസ്, റാം ചരണ്‍, യഷ്, മഹേഷ് ബാബു, വിജയ്, രജനികാന്ത് സാര്‍, കമല്‍ ഹാസന്‍ സാര്‍... ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ഇവരോടെല്ലാം എനിക്കൊരു അപേക്ഷയുണ്ട്. ദയ്വ് ചെയ്ത് ഇത്രയും വേഗത്തില്‍ ഡാന്‍സ് ചെയ്യരുത്. നിങ്ങളോട് പിടിച്ചു നില്‍ക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്,'.- ഷാരുഖ് പറഞ്ഞു.

നിമിഷ നേരം കൊണ്ട് തന്നെ ഷാരുഖിന്റെ ഈ വീഡിയോ വൈറലാവുകയും ചെയ്തു. തന്റെ പുതിയ ചിത്രം കിങിനെക്കുറിച്ചും ഷാരുഖ് വേദിയില്‍ സംസാരിച്ചു. 'എന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് വളരെ കര്‍ശനക്കാരനാണ്. പത്താന്‍ ഒരുക്കിയതും അദ്ദേഹമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം വളരെ സ്ട്രിക്ട് ആണ്. ഈ സിനിമയെക്കുറിച്ചുള്ള ഒരു വിവരങ്ങളും പറയരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ നിര്‍വാഹമില്ല. എങ്കിലും എല്ലാവരെയും രസിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു'.- ഷാരുഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.