ചെന്നൈ: മകന് ജന്മം നൽകിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമെന്ന് നടി ഷീല. ഓസ്‌കാർ പോലും അമ്മ കഴിഞ്ഞിട്ടേയുള്ളൂ എന്നും നടി പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഷീലയുടെ വാക്കുകൾ. സ്ത്രീകളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം കുടുംബവും കുട്ടികളുമാണ്. അതിനുശേഷമാണ് മറ്റെന്തും വരിക. താൻ സിനിമ ഉപേക്ഷിച്ചത് മകനെ നോക്കാൻ വേണ്ടിയാണെന്നും താരം കൂട്ടിച്ചേർത്തു.

ഞാനൊരു അമ്മയായി, നല്ല മകനെ പ്രസവിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷം അതാണ്. അമ്മയേക്കാൾ താഴെയാണ് എല്ലാം. എത്ര വലിയ ഓസ്‌കർ കിട്ടിയാലും മാതൃത്വം കഴിഞ്ഞിട്ടേയുള്ളൂ. മമ്മൂട്ടിയും മോഹൻലാലുമെല്ലാം എത്രയോ വർഷങ്ങൾകൊണ്ട് സിനിമകൾ ചെയ്താണ് ഈ പേരെടുത്തത്. അവർക്ക് ശേഷം എത്രയോ നടിമാർ വന്നു. ശാരീരികമായി തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യാസങ്ങളുണ്ട്.- ഷീല പറഞ്ഞു.

പ്രസവിച്ചുകഴിഞ്ഞാൽ അപ്പോൾത്തന്നെ കുഞ്ഞിനെ ഇട്ടു വരാൻ പറ്റില്ലല്ലോ. കുട്ടികളെ നോക്കേണ്ട ചുമതലയൊന്നും ആണുങ്ങൾക്കില്ല. അപ്പോൾ അവർക്ക് തുടർച്ചയായി സിനിമകൾ ചെയ്യാൻ കഴിയും. അങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ് സൂപ്പർതാര പദവി. അവരുടെ ഭാ?ഗ്യം കൊണ്ടുമാത്രമല്ല. കമൽഹാസനും രജനീകാന്തുമെല്ലാം ഇങ്ങനെ തന്നെ കഷ്ടപ്പെട്ടാണ് ഇപ്പോഴത്തെ സ്ഥാനം നേടിയെടുത്തത്. സ്ത്രീകൾക്ക് അങ്ങനെയാവാൻ കഴിയാത്തത് അതുകൊണ്ടാണ്. അവർക്ക് ഒരുപാട് ചുമതലകളുണ്ട്. ഞാൻ തന്നെ സിനിമയിൽ നിന്ന് മാറിനിന്നത് കുഞ്ഞിനെ നോക്കാൻ വേണ്ടിയാണ്.- ഷീല വ്യക്തമാക്കി.