നപ്രിയ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർ ശീതൾ വിനുവിന് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്ത്. 'എല്ലാം കൊള്ളാം, പക്ഷേ വായ തുറന്നാൽ പോയി' എന്ന തരത്തിലുള്ള മോശം കമന്റുകളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ശീതൾ അഭിമുഖത്തിൽ വെളിപ്പെടുത്തി. യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് ശീതൾ.

ഡബ്സ്മാഷിലൂടെ തുടക്കം കുറിച്ച് ടിക് ടോക്കിൽ സജീവമായിരുന്ന ശീതളും വിനുവും പിന്നീട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും തങ്ങളുടേതായ ഇടം കണ്ടെത്തുകയായിരുന്നു. നിലവിൽ ഇവരുടെ യൂട്യൂബ് ചാനലിന് 47 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ദമ്പതികളായ ഇവർ അവതരിപ്പിക്കുന്ന ഫാമിലി കണ്ടന്റുകൾക്കും വ്ലോഗിങ്ങുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

2019-ൽ ഒരു മീഡിയ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ശീതൾ വിനുവിനെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറി. വീഡിയോ ചെയ്യുന്നതിനെ ഇഷ്ടപ്പെടാതിരുന്ന ചില വിവാഹാലോചനകൾ തള്ളിക്കളഞ്ഞതായും, പിന്നീട് വിനുവുമായുള്ള ബന്ധം വീട്ടുകാരുടെ അറിവോടെ വിവാഹത്തിലെത്തിയതായും ശീതൾ ഓർമ്മിച്ചു. വിവാഹത്തിന് മുൻപും ഒരുമിച്ച് വീഡിയോകൾ ചെയ്തിരുന്നുവെങ്കിലും വിവാഹശേഷം കപ്പിൾ കണ്ടന്റുകൾക്കും ഫാമിലി കണ്ടന്റുകൾക്കും പ്രാധാന്യം നൽകി തുടങ്ങി.

പ്രധാനമായും ഫാമിലി കണ്ടന്റുകളാണ് ഇവർ ചെയ്യുന്നത്. വ്ലോഗിംഗും ഷോർട്ട് വീഡിയോകളും പതിവാണ്. ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് പലപ്പോഴും ഇവരുടെ കണ്ടന്റുകളാകാറുള്ളത്. ഡാൻസ് പഠിച്ചിട്ടില്ലെങ്കിലും നൃത്ത വീഡിയോകളും ഇവർ ചെയ്യാറുണ്ട്. കുഞ്ഞിനെ ഉൾപ്പെടുത്തിയുള്ള കണ്ടന്റുകളും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. തുടക്കത്തിൽ വിനുവായിരുന്നു ശീതളിന്റെ ക്യാമറാമാൻ, എഡിറ്റർ, ഡ്രൈവർ, മേക്കപ്പ് ആർട്ടിസ്റ്റ്, സ്ക്രിപ്റ്റ് റൈറ്റർ തുടങ്ങിയ റോളുകൾ കൈകാര്യം ചെയ്തിരുന്നത്. കുഞ്ഞ് ജനിച്ച ശേഷം ഇപ്പോൾ ഒരു ചെറിയ ടീമിന്റെ സഹായം തേടാറുണ്ടെന്നും ശീതൾ പറഞ്ഞു. 'ശീതൾ വിനു' എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനിയും ഇവർ ആരംഭിച്ചിട്ടുണ്ട്.