കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധിക്കെതിരെ പ്രതിഷേധവുമായി നടിയും അവതാരകയുമായ ശില്‍പ ബാല. അതിജീവിതയുടെ എട്ട് വര്‍ഷത്തെ പോരാട്ടം വിഫലമായെന്നാണ് ശില്പ പ്രതികരിച്ചത്. അതിജീവിതയുടെ അടുത്ത സുഹൃത്തുമാണ് ശില്‍പ ബാല. തുടക്കം മുതല്‍ക്കു തന്നെ അതിജീവിതയ്‌ക്കൊപ്പം ശക്തമായി ഉറച്ചു നില്‍ക്കുന്ന സുഹൃത്താണ് ശില്‍പ ബാല.

''അവള്‍ക്കും ഉണ്ട് ഈ പറഞ്ഞതെല്ലാം. പ്രായം, കുടുംബം, അമ്മ. എട്ട് വര്‍ഷങ്ങള്‍ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതി. എല്ലാവരേയും പോലെ ഒരു ദിവസം സാധാരണ ജീവിതം ജീവിച്ച് തുടങ്ങാന്‍ വേണ്ടി. എന്നിട്ട് ശരിക്കും ശിക്ഷ കിട്ടിയത് ആര്‍ക്ക്? സംരക്ഷണം ആണോ അതോ ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് ഇത് നിയന്ത്രണം ആണോ?'' എന്നാണ് ശില്‍പ ബാലയുടെ പ്രതികരണം.

കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞതെങ്കിലും കോടതി നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമാണെന്ന വിമർശിക്കും ഉയരുന്നുണ്ട്. പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞത്. ഈ വിധി വന്നതിന് പിന്നാലെ നടി പാർവതി തിരുവോത്ത്, ഭാഗ്യലക്ഷ്മി, കമൽ, പ്രേംകുമാര്‍ അടക്കമുള്ളവർ വിമർശനവുമായി എത്തിയിരുന്നു.