കൊച്ചി: ലഹരി ഉപയോഗിച്ച നടനില്‍ നിന്നും സിനിമാ സെറ്റില്‍ വെച്ച് മോശം അനുഭവം ഉണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും പങ്കുവെച്ചിരുന്നു. ഷൈന്‍ ടോം ചാക്കോയില്‍ നിന്നാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് വിന്‍സി പരാതി നല്‍കിയതോടെയാണ് നേരത്തെ നടന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

'ലഹരി ഉപയോഗിച്ച പ്രധാന നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായി. അയാള്‍ സെറ്റിലിരുന്ന വെള്ളപൊടി തുപ്പി. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല', എന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. ഈ വാര്‍ത്തയാണ് ഷൈന്‍ പങ്കുവെച്ചത്. നേരത്തെ വിന്‍സി നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് നടന്റെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഫിലിം ചേംബറിന് പരാതി നല്‍കുകയായിരുന്നു.

'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷൈന്‍ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിന്‍സി പരാതി നല്‍കിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയില്‍നിന്നുതന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്.

അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഷൈന്‍ നിഷേധിച്ചിരുന്നു. ഇതിനുപിന്നാലായാണിപ്പോള്‍ വിന്‍സി പരാതിയുമായി രംഗത്തെത്തിയത്. വിന്‍സിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എക്‌സൈസും വിവരങ്ങള്‍ തേടും.

എന്റെ ഡ്രെസ്സില്‍ ഒരു പ്രശ്‌നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍, ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നില്‍വെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീന്‍ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. ഇതായിരുന്നു വിന്‍ സി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് താരസംഘടനയായ അമ്മ, ഫെഫ്ക, ഫിലിം ചേംബര്‍ എന്നിവര്‍ നടിക്ക് പിന്തുണയുമായെത്തിയിരുന്നു. വിന്‍ സി പരാതിയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്നാണ് ഡബ്ല്യുസിസിയുടെ നിലപാട്. വിന്‍ സി പരാമര്‍ശിച്ച സിനിമാ സെറ്റില്‍ ആഭ്യന്തര പരാതിപരിഹാര സമിതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിന്‍സിയോട് സെറ്റിലെ ആഭ്യന്തര പരാതിപരിഹാര സമിതിയില്‍ പരാതി നല്‍കാന്‍ ഫിലിം ചേംബര്‍ നിര്‍ദേശിച്ചിരുന്നു. പരാതിയുടെ പകര്‍പ്പ് ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.