കൊച്ചി: മലയാളത്തിന്റെ പ്രിയ സംവിധായകൻ കമൽ ഇന്ന് 68-ാം പിറന്നാളാണ്. നിരവധി സിനിമാ പ്രേക്ഷകരും സുഹൃത്തുക്കളും ചലച്ചിത്ര രംഗത്തെ പ്രമുഖരും അദ്ദേഹത്തിന് ആശംസകൾ നേർന്നപ്പോൾ, നടൻ ഷൈൻ ടോം ചാക്കോയുടെ പിറന്നാൾ ആശംസയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഷൈൻ കമലിന് നേർന്ന 'സ്നേഹപൂക്കൾ' എന്ന ആശംസയാണ് സൈബർ ലോകത്ത് ചർച്ചയായിരിക്കുന്നത്.

കമലിന്റെ ചിത്രത്തോടൊപ്പം 'സ്നേഹപൂക്കൾ, ഹാപ്പി ബർത്ത്ഡേ കമൽ സാർ' എന്നാണ് ഷൈൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഷൈനിന്റെ പോസ്റ്റിന് താഴെ 'പേടിച്ച് പോയല്ലോ', 'ഒരു നിമിഷം "ഓർമപ്പൂക്കൾ" എന്ന് വായിച്ചു' എന്നെല്ലാമുള്ള രസകരമായ കമന്റുകൾ നിറഞ്ഞു. ഷൈനിന്റെ തനത് ശൈലിയിലുള്ള ആശംസയെ പലരും അഭിനന്ദിക്കുകയും ചെയ്തു.

സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിട്ടാണ് ഷൈൻ ടോം ചാക്കോ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നന്നത്. ഗുരുനാഥന് ശിഷ്യൻ നൽകിയ വേറിട്ട ആശംസ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടി. അതിനിടെ, ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'അടിനാശം വെള്ളപ്പൊക്കം' റിലീസിനൊരുങ്ങുകയാണ്.

'അടി കപ്യാരേ കൂട്ടമണി', 'ഉറിയടി' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എ ജെ വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ക്യാമ്പസ് ജീവിതത്തിലെ സംഭവവികാസങ്ങളാണ് അവതരിപ്പിക്കുന്നത്. ഡിസംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. പ്രമുഖ താരങ്ങളായ ബൈജു സന്തോഷ്, ബാബു ആന്റണി, അശോകൻ, മഞ്ജു പിള്ള എന്നിവരും ഷൈനിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.