മുംബൈ: 'ചിക്നി ചമേലി' എന്ന ഗാനം ലൈവായി ആലപിച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്കും ട്രോളുകൾക്കും വിശദീകരണവുമായി ഗായിക ഗായിക ശ്രേയ ഘോഷാൽ. ഇത്തരം ഗാനങ്ങൾ ഇനി റെക്കോർഡ് ചെയ്യില്ലെന്ന് മുൻപ് പ്രസ്താവിച്ചിട്ടും, ഒരു ലൈവ് പ്രകടനത്തിൽ ഗായിക ഈ ഗാനം ആലപിച്ചതാണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. ഗാനം തനിക്ക് ഏറെ ഇഷ്ടമുള്ളതുകൊണ്ടാണ് താൻ അത് പാടിയതെന്നും, എന്നാൽ ഭാവിയിൽ സമാനമായ അർത്ഥങ്ങളുള്ള ഗാനങ്ങൾ റെക്കോർഡ് ചെയ്യില്ലെന്ന ഉറച്ച നിലപാടിൽ മാറ്റമില്ലെന്നും ശ്രേയ വ്യക്തമാക്കി.

ഈ വിഷയത്തിൽ തനിക്ക് യാതൊരു നാണക്കേടും തോന്നുന്നില്ലെന്നും, ചില ഗാനങ്ങൾ ഒരു കലാകാരന്റെ ജീവിതത്തിന്റെ ഭാഗമായി മാറുമെന്നും അവർ കൂട്ടിച്ചേർത്തു. "സദസ്സിലുള്ള കുട്ടികൾ പോലും ആ പാട്ടിന് നൃത്തം ചെയ്തേക്കാം. ചിലപ്പോൾ ഞാൻ കണ്ണുകൾ അടയ്ക്കും. പക്ഷേ എനിക്ക് ആ പാട്ടിനെ നിഷേധിക്കാൻ കഴിയില്ല. അത് എന്റെ പാട്ടാണ്," ശ്രേയ പറഞ്ഞു. 2025-ൽ ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ശ്രേയ 'ചിക്നി ചമേലി'യുടെ വരികളെക്കുറിച്ച് തന്റെ ആശങ്ക പങ്കുവെച്ചത്.

പാട്ടിലെ വരികൾ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും, കുട്ടികൾ അർത്ഥം മനസ്സിലാക്കാതെ ഇത് പാടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു. 'ചിക്നി ചമേലി'ക്ക് ശേഷം സമാനമായ അർത്ഥതലങ്ങളുള്ള നിരവധി ഗാനങ്ങൾ പാടാൻ അവസരങ്ങൾ ലഭിച്ചെങ്കിലും, അവയെല്ലാം താൻ ഒഴിവാക്കുകയായിരുന്നു എന്നും, ഇനി ഇത്തരം പാട്ടുകൾ പാടില്ലെന്നും അന്ന് ശ്രേയ വ്യക്തമാക്കിയിരുന്നു.

താൻ ഒരു അമ്മയായതിന് ശേഷമല്ല ഈ തിരിച്ചറിവുണ്ടായതെന്നും, തന്റെ മകൻ എന്ത് കേൾക്കുന്നു എന്നതിലല്ല, മറിച്ച് എല്ലാ കുട്ടികളും എന്ത് കേൾക്കുന്നു എന്നതിലാണ് തന്റെ യഥാർത്ഥ ആശങ്കയെന്നും ശ്രേയ ഊന്നിപ്പറഞ്ഞു. "കുട്ടികളോട് പോലും ബഹുമാനത്തോടെ സംസാരിക്കുന്ന ഒരു സംസ്കാരത്തിലാണ് ഞാൻ വളർന്നത്. അവർക്ക് എന്താണ് അനുയോജ്യമെന്ന് നമ്മൾ അറിഞ്ഞിരിക്കണം," രാജസ്ഥാനിലെ തന്റെ വളർച്ചാ സാഹചര്യവും അവർ ഓർമ്മിപ്പിച്ചു.