ചെന്നൈ: 'കൂലി'യുടെ ആദ്യ ഷോ കാണാനെത്തിയ നടി ശ്രുതി ഹാസനെ തിയേറ്ററിലെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ വൈറലൽ. 'ഞാൻ ഈ സിനിമയിലെ നായികയാണ്, എന്നെ കടത്തിവിടൂ' എന്ന് ശ്രുതി അഭ്യർത്ഥിക്കുന്നതും, താരത്തെ തിരിച്ചറിയാത്ത ജീവനക്കാരനോട് അവർ പ്രതികരിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഓഗസ്റ്റ് 14-ന് ചെന്നൈയിലെ വെട്രി തിയേറ്ററിലാണ് ശ്രുതി കൂലി കാണാനെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ തിയേറ്ററിന്റെ പാർക്കിങ്ങിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് ഗേറ്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വാഹനം തടഞ്ഞത്. ഇതോടെ, 'ഞാൻ ഈ സിനിമയിലുണ്ട്, ദയവായി എന്നെ കടത്തി വിടൂ അണ്ണാ, ഞാൻ ഈ പടത്തിലെ നായികയാണ്' എന്ന് ശ്രുതി ചിരിച്ചുകൊണ്ട് അഭ്യർത്ഥിക്കുകയായിരുന്നു. താരത്തിന്റെ പ്രതികരണം സുഹൃത്തുക്കളിലും ചിരി പടർത്തുന്നത് ദൃശ്യങ്ങളിൽ കാണാം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'യിൽ രജനീകാന്താണ് നായകൻ. പ്രീതി എന്ന നായികാ കഥാപാത്രത്തെയാണ് ശ്രുതി ഹാസൻ അവതരിപ്പിക്കുന്നത്. സത്യരാജ്, ഉപേന്ദ്ര എന്നിവർക്കൊപ്പം മലയാളി താരം സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.