ടനും സംവിധായകനുമായ കമൽ ഹാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഹേ റാം' എന്ന ചിത്രം ഇന്ന് ഒരു ക്ലാസിക് ആയി വാഴ്ത്തപ്പെടുമ്പോൾ, അതിന്റെ റിലീസ് സമയത്ത് ആരും ശ്രദ്ധിച്ചിരുന്നില്ലെന്ന് മകളും നടിയുമായ ശ്രുതി ഹാസൻ. സിനിമയുടെ നിർമ്മാണ മികവിനെക്കുറിച്ച് താൻ വിസ്മയിച്ചുപോയെന്നും അവർ വെളിപ്പെടുത്തി.

ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഹാസൻ ഇക്കാര്യം പറഞ്ഞത്. 2000-ൽ പുറത്തിറങ്ങിയ ചിത്രം അടുത്തിടെ തിയേറ്ററിൽ വീണ്ടും കണ്ടതിനെക്കുറിച്ചും അവർ സംസാരിച്ചു. "അച്ഛൻ സംവിധാനം ചെയ്ത 'ഹേ റാം' അടുത്തിടെ തിയേറ്ററിൽ നിന്നും കണ്ടു.

ഓരോ ഫ്രെയിമും അദ്ദേഹം ഒരുക്കിവച്ച രീതി അഭിനന്ദനം അർഹിക്കുന്നതാണ്. ഈ അടുത്ത സിനിമ റീ-റിലീസ് ചെയ്തിരുന്നു. ക്യൂബ്സ് തിയേറ്ററിൽ ആ സിനിമ കണ്ടപ്പോഴുണ്ടായ അനുഭവം വിവരിക്കാൻ വാക്കുകളില്ല. അത്രമാത്രം അത്ഭുതമാണ് എനിക്ക്. ഇന്ന് ആ സിനിമയെ പലരും വാനോളം പ്രശംസിക്കുന്നു. കമൽ സാർ എങ്ങനെയാണ് ഗംഭീരമായി ഈ സിനിമ ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ സിനിമ റിലീസായ സമയത്ത് ആരും പ്രശംസിച്ചിട്ടില്ലായിരുന്നു," ശ്രുതി ഹാസൻ പറഞ്ഞു.

ഇരുപത്തിനാല് വർഷം മുമ്പ് പുറത്തിറങ്ങിയ ചിത്രം, റിലീസ് സമയത്ത് സാമ്പത്തികമായും നിരൂപകപരമായും കാര്യമായ വിജയം നേടിയിരുന്നില്ല. എന്നാൽ കാലക്രമേണ ഇന്ത്യൻ സിനിമയിലെ ഒരു നാഴികക്കല്ലായി 'ഹേ റാം' വിലയിരുത്തപ്പെടുകയായിരുന്നു.