കൊച്ചി: നടി ഗൗരി കിഷനെ ബോഡി ഷെമിങ് നടത്തിയതിനെ തുടർന്നുണ്ടായ വിവാദത്തിൽ യൂട്യൂബർ ആർ.എസ്. കാർത്തിക് നടത്തിയ പ്രതികരണം യഥാർത്ഥ ഖേദപ്രകടനമല്ലെന്ന് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ. തങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഖേദപ്രകടനമല്ലായിരുന്നു അതെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേ അവർ വ്യക്തമാക്കി.

'അത് മാപ്പാണെന്ന് എനിക്ക് തോന്നുന്നില്ല, ഞാൻ അങ്ങനെ കരുതുന്നില്ല. അയാളുടെ ശരീരഭാഷയിൽനിന്ന് നിങ്ങൾക്ക് അത് മനസ്സിലാക്കാം. എല്ലാ സ്ത്രീകളും ഗൗരിക്കൊപ്പമാണ്, അത് സിനിമാ മേഖലയിൽ നിന്നുള്ളവർ മാത്രമല്ല. ഞങ്ങൾ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇങ്ങനെയല്ല,' ശ്വേതാ മേനോൻ വ്യക്തമാക്കി.

'അദേഴ്‌സ്' എന്ന തമിഴ് ചിത്രത്തിന്റെ പ്രദർശനത്തിന് മുന്നോടിയായി കഴിഞ്ഞ വ്യാഴാഴ്ച ചെന്നൈയിൽ നടന്ന പരിപാടിയിലാണ് മലയാളിയായ ഗൗരി കിഷൻ, തൻ്റെ ശരീരഭാരത്തെക്കുറിച്ച് ഒരു യൂട്യൂബർ ചോദിച്ച ചോദ്യം വിഷമമുണ്ടാക്കിയതായി തുറന്നുപറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നെന്ന് പറഞ്ഞ് യൂട്യൂബർ അതിനെ ന്യായീകരിക്കാനും തട്ടിക്കയറാനും ശ്രമിച്ചപ്പോഴാണ് ഗൗരി ശക്തമായി പ്രതികരിച്ചത്.

സംഭവത്തിൽ മാപ്പുപറയില്ലെന്നായിരുന്നു യൂട്യൂബറുടെ ആദ്യ നിലപാട്. സിനിമയുടെ പ്രൊമോഷനുവേണ്ടി അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നീട് ഒരു ഖേദപ്രകടന വീഡിയോ പുറത്തിറക്കിയെങ്കിലും, അതിലും അദ്ദേഹം തൻ്റെ ചോദ്യത്തെ ന്യായീകരിക്കുകയും ഗൗരി കിഷൻ്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പറയുകയുണ്ടായി. ഗൗരിക്ക് മനോവിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.

അധിക്ഷേപത്തിനെതിരെ പ്രതികരിച്ച ഗൗരി കിഷന് പിന്തുണയുമായി ആദ്യം എത്തിയവരിൽ 'അമ്മ'യും ഉണ്ടായിരുന്നു. തന്നോടൊപ്പം നിന്നതിന് ഗൗരി 'അമ്മ'യ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഈ വിഷയത്തിൽ സിനിമാ മേഖലയിലെ ഭൂരിഭാഗം പേരും ഗൗരി കിഷന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.