- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയ കുലപതികളുടെ കുടംബത്തിൽ ആദ്യമായി 100 കോടി ക്ലബ്ബിൽ എത്തിയത് ഞാനാണ്
കൊച്ചി: അഭിനേതാവും സംവിധായകനുമായ ദിലീഷ് പോത്തനെയും ഫഹദ് ഫാസിലിനെയും ട്രോളി തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ. കുടുംബത്തിൽ ഒരുപാട് അഭിനയ കുലപതികൾ ഉണ്ടെങ്കിലും അഭിനേതാവ് എന്ന നിലയിൽ ആദ്യമായി 100 കോടി ക്ലബ്ബിൽ എത്തിയത് താനാണെന്നും വൈകാതെ ഫഹദ് കയറുമെന്നും ശ്യാം പുഷ്‌കരൻ തമാശരൂപേണ പറഞ്ഞു.
പ്രേമലു സിനിമയുടെ വിജയാഘോഷ വേളയിലായിരുന്നു സുഹൃത്തുക്കളെ ട്രോളിയത്. ശ്യാം പുഷ്‌കരൻ, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് ആണ് 'പ്രേമലു' നിർമ്മിച്ചത്. ഈ ചിത്രത്തിൽ ഒരു കഥാപാത്രത്തെ ശ്യാം പുഷ്‌കരൻ അവതരിപ്പിച്ചിരുന്നു.
'നമ്മുടെ കുടുംബത്തിൽ ഒരുപാട് അഭിനയ കുലപതികൾ ഉണ്ട്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ഉണ്ണിമായ പ്രസാദ് അങ്ങനെ ഒരുപാടുപേരുണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ നൂറുകോടി ക്ലബ്ബിൽ ആദ്യം കേറുന്നത് ഞാനാണ്. നമ്മുടെ പയ്യൻ ഫഹദ് വലിയ താമസമില്ലാതെ കയറും.
ഇവർ ഭയങ്കര ശല്യമായിരുന്നു. ഇവർ അഭിനേതാക്കൾ ആയതിന്റെ ശല്യം എനിക്കു സഹിക്കാ വയ്യാരുന്നു.അതിനൊക്കെയുള്ള മറുപടി ഗിരീഷ് എ.ഡി. വഴി ഞാൻ കൊടുത്തിരിക്കുകയാണ്. ഇനി എല്ലാവരും ഒന്നു അടങ്ങി ജീവിക്കുക. എന്നെ ഒരു ഓഡിഷന് പോലും നിർത്താൻ കൊള്ളില്ല എന്നാണ് മലയാള സിനിമയിൽ ഏറ്റവും നന്നായി അഭിനയിക്കുന്ന അല്ലെങ്കിൽ മോശം താരങ്ങളിൽ നിന്നു പോലും കല്ലിൽ നിന്നു കവിത വിരിയിക്കുന്ന ദിലീഷ് പോത്തൻ പറയുന്നത്.
ദിലീഷ് പോലും എന്നെ വിശ്വസിച്ചിരുന്നില്ല. ഇപ്പോൾ പഴയതു പോലെ അല്ല, എന്നെ കണ്ടാൽ തന്നെ ചിരിക്കുന്ന ഒരവസ്ഥ ആയിട്ടുണ്ട്. ആ ഒരു സാധാരണത്വം മടക്കിത്തന്നതിനു ഗിരീഷ് എ.ഡി.യോട് നന്ദി പറയുന്നു' ശ്യാം പുഷ്‌കരൻ പറഞ്ഞു. സൂപ്പർ ശരണ്യക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. നസ്ലിൻ, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോമഡി കഥാപാത്രത്തെയാണ് ശ്യാം പുഷ്‌കരൻ അവതരിപ്പിച്ചത്. പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖാപിച്ചിട്ടുണ്ട്.