ചെന്നൈ: വിജയ് ചിത്രം ‘ജനനായകൻ’ തിയറ്ററുകളിൽ എത്തും മുൻപേ ചോർന്ന സംഭവത്തിൽ തമിഴ് സിനിമാലോകം മൗനം പാലിക്കുമ്പോൾ, ശക്തമായ പ്രതികരണവുമായി നടൻ ശിവകാർത്തികേയൻ രംഗത്ത്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് താരം ആവശ്യപ്പെട്ടു. ഓരോ സിനിമയും നൂറുകണക്കിന് ആളുകളുടെ വിയർപ്പിന്റെയും പ്രയത്നത്തിന്റെയും ഫലമാണെന്നും പൈറസി സിനിമയെ കൊല്ലുന്ന നടപടിയാണെന്നും താരം ഓർമ്മിപ്പിച്ചു.

‘‘ഓരോ സിനിമയും നൂറുകണക്കിന് ആളുകളുടെ അഭിനിവേശത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. ദയവായി പൈറസിയെ പ്രോത്സാഹിപ്പിക്കരുത്. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതുവരെ കാത്തിരിക്കുക, തിയറ്ററുകളിൽ പോയിത്തന്നെ സിനിമ കാണുക. ഇതിന് ഉത്തരവാദികളായവർ ആരായാലും അവർ കർശന നിയമനടപടികൾ നേരിടേണ്ടി വരും. പ്രതിഭകളെയും കഠിനാധ്വാനത്തെയും സിനിമാ വ്യവസായത്തെയും ബഹുമാനിക്കാൻ എല്ലാവരും തയ്യാറാകണം,’’– ശിവകാർത്തികേയൻ പറഞ്ഞു.

നിർമാതാവ് ജി. ധനഞ്ജയൻ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും, തമിഴ് സിനിമാ വ്യവസായത്തിലെ പ്രമുഖ താരങ്ങളൊന്നും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരസ്യ നിലപാടുമായി ശിവകാർത്തികേയൻ എത്തിയത് എന്നത് ശ്രദ്ധേയമാണ്.

സിനിമയുടെ ടൈറ്റിൽ ക്രെഡിറ്റ്സും ദളപതി വിജയ്‌യുടെ ഇൻട്രോ സീനും ഉൾപ്പെടുന്ന അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ പിന്നാലെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ മുഴുവൻ എച്ച്ഡി പതിപ്പും ഇന്റർനെറ്റിൽ എത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൈറസി തടയുന്നതിൽ അധികൃതർ പരാജയപ്പെടുന്നു എന്ന വിമർശനം ഇതോടെ ശക്തമായിട്ടുണ്ട്.