അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കാതിരിക്കുകയും അതില്‍നിന്ന് പകുതി തട്ടിയെടുക്കാന്‍ ഇന്‍ഡസ്ട്രിയില്‍ ഗ്രൂപ്പുകള്‍ ഉണ്ടെന്നും നടന്‍ ശിവകാര്‍ത്തികേയന്‍. എന്നാല്‍ അമരന്‍ റിലീസാകുന്നതിന്റെ ആറ് മാസം മുമ്പ് തന്നെ തനിക്ക് കൃത്യമായി പ്രതിഫലം വന്നെന്നും നടന്‍ പറഞ്ഞു. അമരന്റെ 100-ാം ദിന ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു പ്രതികരണം.

'അമരനില്‍ എനിക്ക് കൃത്യമായി പ്രതിഫലം തന്നു. അത് നമ്മുടെ സിനിമാ മേഖലയില്‍ അപൂര്‍വമായി നടക്കുന്ന കാര്യമാണ്. പ്രതിഫലം കൊടുക്കാതെ ഇരിക്കുന്നത് മാത്രമല്ല, പ്രതിഫലത്തില്‍നിന്ന് പകുതി തട്ടിയെടുത്ത് കൊണ്ടുപോകുന്ന ഗ്രൂപ്പുകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്.'

'റിലീസിന്റെ തലേദിവസം രാത്രി വരെ പ്രതിഫലത്തിനായി കാത്തിരുന്നിട്ടുണ്ട്. എനിക്ക് ഇതെല്ലാം പുതിയൊരു അനുഭവമായിരുന്നു. അമരന്റെ റിലീസിന് ആറ് മാസം മുമ്പ് തന്നെ രാജ്കമല്‍ ഫിലിംസ് എനിക്ക് പ്രതിഫലം മുഴുവന്‍ തന്നു. അഭിനേതാക്കളെ ബഹുമാനിക്കുന്ന തരത്തില്‍ ഒരു കമ്പനി നടത്തുന്നത് ചെറിയ കാര്യമല്ല.' എന്നും ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കി.

അമരന്റെ നിര്‍മാതാവായ നടന്‍ കമല്‍ഹാസനും ശിവകാര്‍ത്തികേയനെ കുറിച്ച് ചടങ്ങില്‍ സംസാരിച്ചു. സ്വന്തമായി വീട് നിര്‍മിച്ചശേഷം സിനിമയിലാണ് ശിവകാര്‍ത്തിയേകന്‍ പണം നിക്ഷേപിച്ചതെന്നും അത് അദ്ദേഹത്തിന്റെ അര്‍പ്പണബോധമാണെന്നും അദ്ദേഹം പറഞ്ഞു.