ചെന്നൈ: രജനീകാന്ത് നായകനായ ജയിലര്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍. ചിത്രത്തിലെ താരത്തിന്റെ ക്യമിയോ റോളിന്‍ ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. 45 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമാണ് അദ്ദേഹം.

ഓഗസ്റ്റ് 15ന് ഇറങ്ങുന്ന 45ന്റെ തമിഴ് പതിപ്പ് ടീസര്‍ റിലീസിനായി താരം ചെന്നൈയിലെത്തിയിരുന്നു. ടീസര്‍ റിലീസ് പരിപാടിക്കിടെ കോളിവുഡിന്റെ പ്രിയനടന്‍ ഉലകനായകന്‍ കമല്‍ ഹാസനെ കുറിച്ച് പുകഴ്ത്തി പറഞ്ഞിരുന്നു. താനൊരു പെണ്ണായിരുന്നുവെങ്കില്‍ കമല്‍ ഹാസനെ കല്യാണം കഴിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കമല്‍ ഹാസന്‍ കെട്ടപിടിച്ചതിന് ശേഷം മൂന്ന് ദിവസത്തോളം കുളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞാനൊരു പെണ്ണ് ആയിരുന്നേല്‍ കമല്‍ ഹാസനെ കല്യാണം കഴിച്ചേനെ. സാറിനോട് ഒന്ന് പിടിച്ചോട്ടെ എന്ന് ചോദിച്ചു, അതിന് ശേഷം മൂന്നു ദിവസം ഞാന്‍ കുളിച്ചില്ല. അദ്ദേഹത്തിന്റെ ആ എനര്‍ജി എന്നെ വിട്ടുപോകാതിരിക്കാനായിരുന്നു അത്,' ശിവരാജ് കുമാര്‍ പറഞ്ഞു.

'ഞാന്‍ കമല്‍ഹാസന്‍ സാറിന്റെ വലിയ ആരാധകനാണ്, അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ തന്നെ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകളുടെ ആദ്യ പ്രദര്‍ശനത്തില്‍ എപ്പോഴും ആദ്യം പങ്കെടുക്കുന്നത് ഞാനായിരിക്കും. അദ്ദേഹത്തിന്റെ ഊര്‍ജ്ജവും സ്വാധീനവും എന്നെ ആഴത്തില്‍ പ്രചോദിപ്പിക്കുന്നു,' ശിവരാജ് പറഞ്ഞു.