മൂത്തോൻ, കുറുപ്പ്, പൊന്നിയിൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് ശോഭിത ധൂലിപാല. അതിന് മുമ്പ് വെബ്‌സീരീസ് വഴിയും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അവർ.

തന്റെ കഥാപാത്രങ്ങളെപ്പോലെയാണ് ജീവിതത്തിലെ സ്വഭാവവും എന്നാണ് പലരും കരുതുന്നത്. എന്റെ കഥാപാത്രങ്ങൾ സെക്സി ആയിരിക്കാം. റിസർവ്ഡോ വളരെ ബോസിയോ ആയി പെരുമാറുന്നുണ്ടാവാം. പക്ഷേ ഞാൻ അങ്ങനെയല്ല എല്ലാ മനുഷ്യരും അതിനെക്കാളും കൂടുതൽ ആയിരിക്കുമല്ലോ എന്നാണ് ശോഭിത പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

മനുഷ്യർ എല്ലാവരും ഇഡിയറ്റുകളാണ്. വിയർക്കുകയും വിശക്കുകയും ടോയ്ലറ്റിൽ പോവാൻ തോന്നുകയും ചെയ്യുന്ന സമയങ്ങളുണ്ടല്ലോ. ഒരു പക്ഷേ ആ കാര്യങ്ങൾ ഒരാളെ സെക്സി അല്ലാതാക്കുകയും ചെയ്യും. എന്നാൽ ഒരു വ്യക്തിയെ മനുഷ്യനാക്കുന്നതും ഇതേ കാര്യങ്ങളാണ്. പലപ്പോഴും ഒരു ആർട്ടിസ്റ്റിന്റെ കഥാപാത്രം കണ്ട് അയാൾ ആ ക്യാരക്ടറിനെപ്പോലെയാണ് യഥാർഥ ജീവിതത്തിലും എന്നൊരു തോന്നൽ ജനങ്ങളിലുണ്ടാവാറുണ്ട്. പക്ഷേ ഒരിക്കലും അങ്ങനെയായിരിക്കില്ല.

സെക്സിയാണെന്നോ അട്രാക്ടീവ് ആണെന്നോ ഒരാൾ നമ്മളോട് പറയുമ്പോൾ അത് ഒരു അംഗീകാരമാണ്. ആ അഭിനന്ദനങ്ങൾ ഞാൻ ആസ്വദിക്കാറുമുണ്ട്. പക്ഷേ അതിനെക്കാൾ കൂടുതൽ കാര്യങ്ങൾ സിനിമയ്ക്കു നൽകാൻ എനിക്കു കഴിയും. ആ കഴിവുകൾ കാണിക്കാവുന്ന തരത്തിലെ സിനിമകൾ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. കരിയറിലെ തുടക്കത്തിലെ പല കഥാപാത്രങ്ങളും സെക്സി ആയിരുന്നില്ല. പക്ഷേ അതൊക്കെ ഞാൻ ആസ്വദിച്ച് ചെയ്ത കഥാപാത്രങ്ങളാണ്- ശോഭിത പറഞ്ഞു.