മുംബൈ: ബോളിവുഡ് താരം രൺബീർ കപൂറിനെതിരെ സോഷ്യൽ മീഡിയ. വരാനിരിക്കുന്ന ഇതിഹാസ ചിത്രം 'രാമായണ'ത്തിൽ ശ്രീരാമനായി വേഷമിടുന്നതിന് വേണ്ടി താരം സസ്യാഹാരം മാത്രമാണ് കഴിക്കുന്നതെന്ന പ്രചാരണം തെറ്റാണെന്നാണ് സൈബറിടത്തിൽ ഉയർന്ന വരുന്ന ആക്ഷേപം. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വിഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ രോഷത്തിന് കാരണമായത്. നെറ്റ്ഫ്ലിക്സിൽ അടുത്തിടെ റിലീസ് ചെയ്ത 'ഡൈനിങ് വിത്ത് ദി കപൂർസ്' എന്ന റിയാലിറ്റി ഷോയിലെ ദൃശ്യങ്ങളാണ് താരത്തിന്റെ പിആർ ടീമിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായത്.

രാമന്റെ വിശുദ്ധമായ വേഷത്തോടുള്ള ആദരവ് കാരണം രൺബീർ മദ്യപാനവും മാംസാഹാരവും പൂർണ്ണമായി ഉപേക്ഷിച്ച് 'സാത്വിക' ജീവിതശൈലി പിന്തുടരുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, രാജ് കപൂറിന്റെ നൂറാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി കപൂർ കുടുംബം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതായി കാണിക്കുന്ന ഷോയിലെ ഒരു രംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഈ വിഡിയോയിൽ ഫിഷ് കറിയും ജംഗ്ലി മട്ടൺ പോലുള്ള മാംസ വിഭവങ്ങളും തീൻമേശയിൽ വിളമ്പുന്നത് കാണാം. രൺബീറും കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം ആസ്വദിക്കുന്നുണ്ട്.

ഇതോടെ, പ്രചാരണവും യാഥാർഥ്യവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. "നുണകൾ ഒന്നൊന്നായി" എന്ന തലക്കെട്ടോടെയാണ് പലരും പ്രതികരിക്കുന്നത്. 'ഇമേജ് ബിൽഡിംഗിനായി അനാവശ്യമായ നാടകങ്ങൾ' ഉണ്ടാക്കേണ്ട ആവശ്യമില്ലായിരുന്നെന്ന് പലരും അഭിപ്രായപ്പെട്ടു. രൺബീറിന്റെ പിആർ ടീമിനെതിരെയാണ് പ്രധാന വിമർശനം. നടനെതിരെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.