- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോഹൻലാലും ആന്റണിയും തമ്മിൽ ആനയും പാപ്പാനും പോലുള്ള ബന്ധം'; ലാൽ ഒരു അമാനുഷിക ശക്തി, സൂര്യഭഗവാനെപ്പോലെ തിളങ്ങുന്ന വ്യക്തിത്വം; ഗോകുലം ഗോപാലന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊച്ചി: മോഹൻലാലും ആന്റണിയും തമ്മിലുള്ള ആത്മബന്ധത്തെ 'ആനയും പാപ്പാനും' തമ്മിലുള്ള ബന്ധത്തോട് നിർമ്മാതാവ് ഗോകുലം ഗോപാലൻ. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'പ്രതിഛായ'യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ ശ്രദ്ധേയമായ പരാമർശങ്ങൾ. മോഹൻലാലിനെ ആദ്യമായി കണ്ടപ്പോൾ തന്നെ ലോകമറിയുന്ന നിലയിൽ എത്തുമെന്ന് തനിക്ക് തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞു.
"മോഹൻലാലിനൊപ്പം എപ്പോഴും ഒരാളുണ്ട്, ആന്റണി. അദ്ദേഹം ഒരു ആനപ്പാപ്പാനെപ്പോലെയാണ്. ആനയെ തെളിക്കണമെങ്കിൽ പാപ്പാന് മാത്രമേ സാധിക്കൂ, വേറെ ആർക്കും അടുത്ത് പോകാൻ കഴിയില്ല. എന്നെ സംബന്ധിച്ച് ഇരുവരും തമ്മിൽ ആനയും പാപ്പാനും തമ്മിലുള്ള ബന്ധമാണ്. ആ ഐക്യം എന്നും നിലനിൽക്കട്ടെ," ഗോകുലം ഗോപാലൻ പറഞ്ഞു. ഗോകുലം ഗോപാലന്റെ ഈ വാക്കുകൾ സദസ്സിൽ വലിയ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.
മോഹൻലാലിന്റെ അഭിനയ പ്രതിഭയെ വാനോളം പുകഴ്ത്താനും ഗോപാലൻ മറന്നില്ല. ലാൽ ഒരു അമാനുഷിക ശക്തിയാണെന്നും സൂര്യഭഗവാനെപ്പോലെ തിളങ്ങുന്ന വ്യക്തിത്വമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. "മോഹൻലാൽ ഒരു അദ്ഭുതമാണ്. അദ്ദേഹത്തെ സാധാരണ മനുഷ്യഗണത്തിൽ പെടുത്താൻ കഴിയില്ല. പത്തുനാൽപ്പത് വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യം കാണുന്നത്. അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാലാജി എന്റെ സുഹൃത്തായിരുന്നു. മോഹൻലാൽ എന്ന കലാകാരൻ ലോകം അറിയപ്പെടുന്ന വലിയ നിലയിൽ എത്തുമെന്ന് അന്ന് തന്നെ എനിക്ക് തോന്നിയിരുന്നു," ഗോപാലൻ കൂട്ടിച്ചേർത്തു.
ബി. ഉണ്ണികൃഷ്ണൻ നിവിൻ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന 'പ്രതിഛായ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനോടനുബന്ധിച്ചാണ് ഈ പ്രസംഗം നടന്നത്. നിവിൻ പോളിയുടെ അഭിനയജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നായിരിക്കും ഇതെന്നാണ് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാന ശൈലിയും നിവിൻ പോളിയുടെ സ്ക്രീൻ പ്രസൻസും ഒത്തുചേരുന്ന ഈ ചിത്രം മലയാള സിനിമയിലെ ഈ വർഷത്തെ ശ്രദ്ധേയമായ റിലീസുകളിൽ ഒന്നായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.


