സോനു സൂദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ഫത്തേ'യുടെ ടീസര്‍ പുറത്തുവന്നു. ഒരു പക്കാ ആക്ഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും സോനു സൂദ് തന്നെയാണ്. വളരെ വയലന്റ് ആയ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം.

2025 ജനുവരി 10ന് ചിത്രം തിയേറ്ററിലെത്തും. ജാക്വലിന്‍ ഫെര്‍ണാണ്ടസ്, വിജയ് റാസ്, ദിബ്യേന്ദു ഭട്ടാചാര്യ, നസറുദ്ദീന്‍ ഷാ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍. ശക്തി സാഗര്‍ പ്രൊഡക്ഷന്‍സിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറില്‍ സോനാലി സൂദും സോനു സൂദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സോനു സൂദും അങ്കുര്‍ പജ്‌നിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

1999 ല്‍ 'കല്ലഴഗര്‍' എന്ന സിനിമയിലൂടെയാണ് സോനു സൂദ് സിനിമാരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. കൂടുതലും വില്ലന്‍ വേഷങ്ങളിലൂടെയാണ് സോനു സൂദ് പ്രേക്ഷക മനസില്‍ ഇടം പിടിച്ചത്. ജോധാ അക്ബര്‍, സിംഗ് ഈസ് കിംഗ്, ദേവി, ഹാപ്പി ന്യൂ ഇയര്‍, അരുന്ധതി, ആര്‍ രാജ്കുമാര്‍ എന്നിവയാണ് സോനു സൂദിന്റെ പ്രധാന സിനിമകള്‍.