ഹൈദരാബാദ്: അല്ലു അര്‍ജുന്‍ ചിത്രം പുഷ്പം 2 വിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകര്‍. കഴിഞ്ഞ ദിവസവും അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ഡിസംബര്‍ ആറിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഏറെ പ്രതീക്ഷയാണുള്ളത്. പുഷ്പ ആദ്യ ഭാഗത്തില്‍ വന്‍ തരംഗമായി മാറിയത് ഒരു ഐറ്റം ഡാന്‍സ് ആയിരുന്നു. സാമന്തയുടെ ഐറ്റം ഡാന്‍സാണ് ഏറെ ഹിറ്റായത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിലും ഒരു പ്രമുഖ നടിയുടെ ഐറ്റം നമ്പര്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

അല്ലു അര്‍ജുനൊപ്പം ഇത്തവണ ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ ആയിരിക്കും നൃത്തച്ചുവടുകളുമായെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നൃത്തരംഗത്തിനായി 5 കോടി രൂപയാണ് ശ്രദ്ധയ്ക്ക് പ്രതിഫലം നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.

ബോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം വാരിയ സ്ത്രീ 2വില്‍ ശ്രദ്ധ ആയിരുന്നു നായിക. തുടക്കത്തില്‍ നടി തൃപ്തി ദിമ്രിയുള്‍പ്പെടെ നിരവധി പേരെ നൃത്ത രംഗത്തിനായി നിര്‍മ്മാതാക്കള്‍ ആലോചിച്ചിരുന്നു. അവസാനം ശ്രദ്ധയെ ഉറപ്പിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീ 2വില്‍ ഉള്‍പ്പെടെയുള്ള ശ്രദ്ധയുടെ ഡാന്‍സ് വൈറലായി മാറിയിരുന്നു.

മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിംഗ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ ആദ്യം ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. അല്ലു അര്‍ജുന്‍ ഇപ്പോള്‍ പുഷ്പ 2വിന്റെ നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിക്കുകയാണ്. പുഷ്പരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അല്ലു അര്‍ജുനെത്തുക. രശ്മിക മന്ദാനയും ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.