- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദൃശ്യം 3' രണ്ടാം ഭാഗം പോലെയല്ല, ആ സസ്പെൻസ് നിലനിൽക്കട്ടെ'; വലിയ പ്രതീക്ഷകളില്ലാതെ ചിത്രം കാണുന്നതാണ് നല്ലത്; വെളിപ്പെടുത്തി ശ്രീകാന്ത് മുരളി

കൊച്ചി: സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' യെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി രംഗത്ത്. ചിത്രത്തിന്റെ മൂന്നാം ഭാഗം ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെ സൂചിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. വലിയ പ്രതീക്ഷകളില്ലാതെ സിനിമയെ സമീപിക്കണമെന്നും സസ്പെൻസ് നിലനിർത്താൻ ജീത്തു ജോസഫ് ആഗ്രഹിക്കുന്നതായും ശ്രീകാന്ത് മുരളി വ്യക്തമാക്കി.
"ആദ്യ ഭാഗം പോലെയല്ലായിരുന്നു രണ്ടാം ഭാഗം. അതുപോലെ തന്നെ രണ്ടാം ഭാഗത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും മൂന്നാം ഭാഗമെന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വലിയ പ്രതീക്ഷകളില്ലാതെ ചിത്രം കാണുന്നതാണ് നല്ലത്, അപ്പോഴാണ് ആ സിനിമ കൂടുതൽ ആസ്വാദ്യകരമാകുക. ബാക്കി സസ്പെൻസ് നിലനിൽക്കട്ടെ," - ശ്രീകാന്ത് മുരളി ഒരു അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ 47 വർഷമായി മലയാളികളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന മോഹൻലാൽ എന്ന മഹാനടന് ഈ ചിത്രത്തിലും വലിയ പ്രതീക്ഷകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഏപ്രിൽ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ വിജയം നിർണ്ണയിക്കുന്നത് പ്രേക്ഷകരാണെന്നും, ആദ്യദിനങ്ങളിൽ തന്നെ ചില ചിത്രങ്ങളുടെ വിധി തീരുമാനിക്കപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ചിത്രത്തിൽ ഒരു ചെറിയ വേഷമാണ് ചെയ്യുന്നതെങ്കിലും, ആശിർവാദ് സിനിമാസിന്റെ വലിയൊരു പ്രോജക്ടാണിതെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങൾ നൽകിയ ആവേശം തന്നെയാണ് മൂന്നാം ഭാഗത്തിലേക്കും പ്രേക്ഷകരെ എത്തിച്ചിരിക്കുന്നത്. ഒരു സാധാരണ പ്രേക്ഷകനെന്ന നിലയിൽ താനും 'ദൃശ്യം 3' നായി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ശ്രീകാന്ത് മുരളി പറഞ്ഞു.


