ഹൈദരാബാദ്: ആർത്തവത്തെക്കുറിച്ചുള്ള പരാമർശത്തിൽ നടി ശ്രീലീലയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുന്നു. 'ഉസ്താദ് ഭഗത് സിംഗ്' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ താരം നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് ആധാരമായത്. അടുത്തിടെ മെഡിക്കൽ ബിരുദം നേടിയ താരം കൂടിയായ ശ്രീലീലയുടെ നിലപാട് സ്ത്രീവിരുദ്ധമാണെന്നാണ് ഉയരുന്ന വിമർശനം.

"എന്റെ ഗാനങ്ങൾ എന്നും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ആർത്തവ സമയത്തുപോലും ഞാൻ ഡാൻസ് സീനുകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അതൊന്നും ഒന്നിനും തടസ്സമോ ഒഴുവുകഴിവോ അല്ല. ലക്ഷ്യങ്ങൾ നേടണമെങ്കിൽ ഇത്തരം ശാരീരിക തടസ്സങ്ങൾക്കപ്പുറത്തേക്ക് നമ്മൾ ചിന്തിക്കണം. മാനസികവും ശാരീരികവുമായ കാര്യങ്ങൾ ഒരു ഒഴുവുകഴിവായി കാണരുത്," എന്നായിരുന്നു ശ്രീലീലയുടെ വാക്കുകൾ. എന്നാൽ, ഓരോ സ്ത്രീയുടെയും ആർത്തവാനുഭവങ്ങൾ വ്യത്യസ്തമാണെന്ന യാഥാർത്ഥ്യം വിസ്മരിച്ചുകൊണ്ടാണ് താരം സംസാരിച്ചതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

താരത്തിന്റെ പ്രസംഗം വൈറലായതോടെ വൻ വിമർശനമാണ് ഉയരുന്നത്. 'നിങ്ങൾക്ക് ആർത്തവ സമയത്ത് ചാടാൻ കഴിയുന്നു എന്നതുകൊണ്ട് എല്ലാവർക്കും അതിന് കഴിയണമെന്നില്ല' എന്നാണ് പ്രധാന വിമർശനം. ആർത്തവവേദന അസഹനീയമായി അനുഭവിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ ഉണ്ടെന്നും അവരുടെ കഷ്ടപ്പാടുകളെ ഇല്ലാതാക്കുന്നതാണ് താരത്തിന്റെ വാക്കുകളെന്നും പലരും കുറിച്ചു.

"നിങ്ങൾ ഒരു ഡോക്ടർ കൂടിയല്ലേ? ഓരോ ശരീരവും ഓരോ രീതിയിലാണ് പ്രതികരിക്കുന്നതെന്ന് അറിയില്ലേ? വേദന സഹിക്കാൻ കഴിയാത്തവരോട് അത് ഒഴുവുകഴിവാണ് എന്ന് പറയുന്നത് നാണക്കേടാണ്," എന്നിങ്ങനെ പോകുന്നു കമന്റുകൾ. കഠിനമായ വേദനയിലും ജോലിക്ക് പോവുകയും കുടുംബം നോക്കുകയും ചെയ്യുന്ന സ്ത്രീകൾ എന്ത് ഒഴുവുകഴിവാണ് നൽകുന്നതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. ഒരു മെഡിക്കൽ ബിരുദധാരിയിൽ നിന്ന് ഇത്തരമൊരു പരാമർശം പ്രതീക്ഷിച്ചില്ലെന്നും വിമർശകർ പറയുന്നു.