മുംബൈ: ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തി അഹമ്മദാബാദ് വിമാനാപകടത്തിലെ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാറിനെ 'കള്ളൻ' എന്ന് വിളിച്ചത് വിവാദത്തിന് തിരികൊളുത്തി. പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് നടി രംഗത്ത് എത്തി. എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തെക്കുറിച്ച് സുചിത്ര സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് സോഷ്യല്‍ മീഡിയയില്‍ സുചിത്രയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

നടിയുടെ വാക്കുകൾ...

"എന്റെ പോസ്റ്റ് തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഞാൻ അത് ഡിലീറ്റ് ചെയ്തു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു" സുചിത്ര പിന്നീട് എക്സില്‍ പങ്കുവച്ച മാപ്പ് അപേക്ഷയില്‍ പറയുന്നു.

ഇതോടെ, സോഷ്യൽ മീഡിയയിൽ വസ്തുതകൾ പരിശോധിക്കാതെ വിവരങ്ങൾ പങ്കുവെക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. 1990-കളിൽ ഷാരൂഖ് ഖാനോടൊപ്പം 'കഭി ഹാൻ കഭി നാ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുചിത്ര തന്റെ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്.