ചെന്നൈ: ഇരുപതാം വയസ്സിൽ തനിക്ക് ലഭിച്ച സ്വാതന്ത്ര്യം ഇന്നത്തെ കാലഘട്ടത്തിലെ പെൺകുട്ടികൾക്ക് ഇല്ലെന്ന് തുറന്നുപറഞ്ഞ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ താരം സുഹാസിനി. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം യുവതലമുറയ്ക്ക് നിഷേധിക്കപ്പെടുന്നതായും, അഭിപ്രായങ്ങൾ പറഞ്ഞാൽ അവരെ ക്രൂരമായി ട്രോളുന്ന പ്രവണത വർധിക്കുന്നതായും സുഹാസിനി പറഞ്ഞു. സഭ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സുഹാസിനി ഇക്കാര്യം വ്യക്തമാക്കിയത്.

1980-ൽ 'നെഞ്ചത്തൈ കിള്ളാതെ' എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുഹാസിനി, മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാട്ടോഗ്രഫിയിൽ ബിരുദം നേടിയ ശേഷമാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്. കരിയറിലെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം നേടാൻ അവർക്ക് സാധിച്ചു.

തൻ്റെ കാലഘട്ടത്തിൽ രേവതി, നദിയ തുടങ്ങിയ നടിമാരോടൊപ്പം തങ്ങൾക്ക് അഭിപ്രായങ്ങൾ തുറന്നുപറയാൻ വേദികളുണ്ടായിരുന്നെന്നും, എന്നാൽ ഇന്നത്തെ പെൺകുട്ടികൾക്ക് അത്തരം അവസരങ്ങൾ കുറവാണെന്നും സുഹാസിനി ചൂണ്ടിക്കാട്ടി. എന്തു പറഞ്ഞാലും തെറ്റുകൾ കണ്ടെത്താനാണ് സമൂഹം ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മലയാളത്തിൽ അവസാനമായി 'പൂക്കാലം' എന്ന ചിത്രത്തിലാണ് സുഹാസിനി അഭിനയിച്ചത്. തമിഴിൽ 'ദി വെർഡിക്റ്റ്' എന്ന കോർട്ട് റൂം ഡ്രാമയാണ് അവരുടെ ഏറ്റവും പുതിയ ചിത്രം