ചെന്നൈ: കഴിഞ്ഞ അഞ്ച് വർഷമായി വേദികളിൽ ലൈവ് സംഗീത പരിപാടികൾ അവതരിപ്പിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മലയാളികളുടെ പ്രിയ ഗായിക സുജാത മോഹൻ. തന്റെ ശബ്ദത്തിനുണ്ടായ ചില ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് സ്റ്റേജ് ഷോകളിൽ നിന്ന് വിട്ടുനിന്നതെന്ന് താരം പറഞ്ഞു. ചെന്നൈയിൽ നടന്ന ഒരു അവാർഡ് നിശയ്ക്കിടെയായിരുന്നു ഗായികയുടെ തുറന്നുപറച്ചിൽ.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ഹിറ്റുകൾ സമ്മാനിച്ച ഗായിക തന്റെ പ്രിയപ്പെട്ട സംഗീത ലോകത്തേക്ക് മടങ്ങിയെത്താനുള്ള കഠിനമായ തയ്യാറെടുപ്പിലാണിപ്പോൾ.

"കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ വേദിയില്‍ ലൈവ് പാടിയിട്ടില്ല. എന്റെ ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായതിനാലാണത്. പക്ഷേ, ഞാന്‍ ജീവിതത്തില്‍ വിട്ടുകൊടുക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി വീണ്ടും പരിശീലനം തുടരുന്നുണ്ട്. ശബ്ദം വീണ്ടെടുക്കാനായി എല്ലാ ദിവസവും രണ്ട് മുതൽ മൂന്ന് മണിക്കൂര്‍ വരെ ഇതിനായി മാറ്റിവയ്ക്കുന്നു. ഇനിയും ശക്തമായി പരിശീലനം തുടരണം എന്നാണ് ആഗ്രഹം." - സുജാത പറഞ്ഞു.

മോഹൻലാൽ ചിത്രം 'ഏയ് ഓട്ടോ'യിലെ 'എ.ഇ.ഐ.ഒ.യു' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് സുജാത പിന്നണി ഗാനരംഗത്ത് സജീവമായത്. പിന്നീട് പ്രതിഭാധനരായ നിരവധി സംഗീത സംവിധായകർക്കൊപ്പം നിരവധി ക്ലാസ്സിക് ഗാനങ്ങൾ ആലപിച്ച സുജാത കഴിഞ്ഞ കുറച്ച് കാലമായി സിനിമകളിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. പ്രിയഗായികയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ താരം എത്രയും വേഗം പഴയ കരുത്തോടെ വേദികളിലേക്ക് മടങ്ങിയെത്തട്ടെ എന്ന ആശംസയിലാണ് ആരാധകർ.