- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൊറിയാനോ ജാപ്പനീസോ ആയിരുന്നെങ്കിൽ പ്രേക്ഷർ ഇതിനെ 'സിനിമാറ്റിക് ബ്രില്യൻസ്' എന്ന് വിളിക്കുമായിരുന്നു'; ആദിത്യ ധറിനും സംഘത്തിനും അഭിനന്ദനം; 'ധുരന്ധ'റിനെ പിന്തുണച്ച് സുപർൺ എസ്. വർമ്മ
മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന 'ധുരന്ധർ' എന്ന സിനിമയിലെ യ അക്രമരംഗങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നതിനിടെ, ചിത്രത്തിന് പിന്തുണയുമായി സംവിധായകനും തിരക്കഥാകൃത്തുമായ സുപർൺ എസ്. വർമ്മ. ഹിന്ദി സിനിമകൾക്ക് മാത്രം ലഭിക്കുന്ന 'ഇരട്ടത്താപ്പി'നെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. രണ്‍വീർ സിംഗ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ധുരന്ധറി'ന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്.
ചിത്രത്തിൽ അതിക്രൂരമായ മർദ്ദനത്തിന്റെയും കൊലപാതകങ്ങളുടെയും ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ, ഈ വിമർശനങ്ങളെയാണ് സുപർൺ എസ്. വർമ്മ തന്റെ 'എക്സ്' പേജിലൂടെ ചോദ്യം ചെയ്തത്. 'ചിത്രത്തിലെ അക്രമത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് മറ്റൊരു ഭാഷയിലുള്ളതോ, ഒരു കൊറിയൻ അല്ലെങ്കിൽ ജാപ്പനീസ് സിനിമയിലോ ആയിരുന്നെങ്കിൽ ഇതേ കാഴ്ചക്കാർ ഇതിനെ 'സിനിമാറ്റിക് ബ്രില്യൻസ്' എന്ന് വിളിക്കുമായിരുന്നു,' വർമ്മ കുറിച്ചു.
ഇന്ത്യൻ സിനിമയെ ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, "എല്ലാ ചലച്ചിത്ര പ്രവർത്തകരെയും സിനിമകളെയും നമ്മൾ ആഘോഷിക്കുന്ന അതേ ആവേശത്തോടെ ഹിന്ദി സിനിമയെയും അതിന്റെ നിർമ്മാതാക്കളെയും ആഘോഷിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു" എന്നും കൂട്ടിച്ചേർത്തു. കൂടാതെ, സംവിധായകൻ ആദിത്യ ധറിനും സംഘത്തിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു.
'ഓരോ ചലച്ചിത്രകാരനും അവരുടേതായ തനതായ ശബ്ദവും വ്യക്തിത്വവുമായാണ് വരുന്നത്. ആദിത്യ ധറും അദ്ദേഹത്തിന്റെ മികച്ച ടീമും സൃഷ്ടിച്ച ലോകവും കഥാപാത്രങ്ങളും എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു.' അദ്ദേഹം പറഞ്ഞു. ജിയോ സ്റ്റുഡിയോസ് നിർമ്മിക്കുന്ന 'ധുരന്ധർ' ഡിസംബർ 5-ന് തിയറ്ററുകളിൽ എത്തും.




