ന്യൂഡൽഹി: തിരക്കേറിയ സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത് ആത്മീയ യാത്രക്കായി ഹിമാലയത്തിൽ എത്തിയ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഋഷികേശ്, ബദരീനാഥ്, ബാബ ഗുഹ എന്നിവിടങ്ങളിലേക്കാണ് താരം യാത്ര നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. യാത്രയുടെ ഭാഗമായി രജനീകാന്ത് ഗംഗാതീരത്ത് ധ്യാനിക്കുകയും ആരതിയിൽ പങ്കെടുക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങളിൽ, സാധാരണ വസ്ത്രം ധരിച്ച് ലളിതമായി ഭക്ഷണം കഴിക്കുന്ന രജനീകാന്തിനെയും ഒരു ആശ്രമാന്തരീക്ഷത്തിൽ ആളുകളുമായി സംവദിക്കുന്ന അദ്ദേഹത്തെയും കാണാം. താരത്തിന്റെ ലാളിത്യത്തെ പ്രശംസിച്ച് നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. മുൻനിര താരങ്ങൾ ഫാഷനുവേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുമ്പോൾ രജനീകാന്ത് അത്തരം ആഡംബരങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതിനെ ചിലർ പ്രത്യേകം പരാമർശിച്ചു.

'ജയിലർ 2' ആണ് രജനീകാന്തിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. അടുത്ത വർഷം ജൂണിൽ റിലീസ് ചെയ്യാൻ സാധ്യതയുള്ള ഈ ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.