മുംബൈ: ബോക്സ് ഓഫീസിൽ തരംഗമായി മാറിയ 'ധുരന്ധർ 2' വിനെ പ്രശംസകൾ കൊണ്ട് മൂടി സൂപ്പർ സ്റ്റാർ രജനികാന്ത്. ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധറിനെയും നായകൻ രൺവീർ സിങ്ങിനെയും മറ്റ് അണിയറ പ്രവർത്തകരെയും രജനികാന്ത് പ്രത്യേകം അഭിനന്ദിച്ചു.

"എന്തൊരു സിനിമയാണിത്! ആദിത്യ ധർ, ബോക്സ് ഓഫീസ് കാ 'ബാപ്'.. രൺവീറിനും മുഴുവൻ താരങ്ങൾക്കും അഭിനന്ദനങ്ങൾ. ഈ ചിത്രം ഓരോ ഭാരതീയനും കണ്ടിരിക്കണം. ജയ്ഹിന്ദ്," രജനികാന്ത് കുറിച്ചു. സൂപ്പർ സ്റ്റാറിൽ നിന്ന് ഇത്തരമൊരു പ്രശംസ എത്തിയത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.

സൂപ്പർ സ്റ്റാറിന്റെ വാക്കുകൾ വലിയൊരു അനുഗ്രഹമായി കാണുന്നുവെന്ന് സംവിധായകൻ ആദിത്യ ധർ പ്രതികരിച്ചു. "സാർ, വിനോദത്തെ അളക്കാൻ ഒരേയൊരു അളവുകോൽ ഉപയോഗിച്ചാണ് ഞങ്ങൾ വളർന്നത്, അത് താങ്കളാണ്. പതിറ്റാണ്ടുകളായി ഞങ്ങളെ വിസിലടിപ്പിച്ചതും ചിരിപ്പിച്ചതും കരയിപ്പിച്ചതും നിങ്ങളായിരുന്നു. ഇന്നും ആ സ്റ്റൈലും ഗാംഭീര്യവും തുടരുന്നത് ഒരു മാജിക്കാണ്. 'ധുരന്ധർ 2' കണ്ടിരിക്കേണ്ട സിനിമയെന്ന് നിങ്ങൾ വിളിക്കുമ്പോൾ അത് എന്റെ ജീവിതത്തിലെ 'സൂപ്പർ സ്റ്റാർ' നിമിഷമായി തോന്നുന്നു. വലിയ സ്വപ്നങ്ങൾ കാണാൻ ഞങ്ങളെ പഠിപ്പിച്ച വ്യക്തിയിൽ നിന്നുള്ള അനുഗ്രഹമാണിത്," ആദിത്യ ധർ കുറിച്ചു.

ആദ്യ ഭാഗം 1300 കോടി രൂപ കളക്ട് ചെയ്ത് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെയാണ് 'ധുരന്ധർ 2' എത്തിയത്. നിലവിൽ 850 കോടി രൂപ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ. രൺവീർ സിങ്ങിനൊപ്പം ആർ. മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.